കൊച്ചി: മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേര്‍ക്ക് പരിക്ക് പറ്റി. ഒഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചേറ്റുവ അഴിക്ക് പടിഞ്ഞാറ് പുറംകടലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. കുളച്ചല്‍ സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന.
മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. പരിക്കേറ്റവരെ കരയിലെത്തിക്കാന്‍ ശ്രമം തുടങ്ങി. അതേസമയം ഇടിച്ച കപ്പലിനെ കുറിച്ച് വിവരമില്ല. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയി. അപകടം ഉണ്ടാക്കിയ കപ്പല്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡ് എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ടതായിരുന്നു ഓഷ്യാനിക്. ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും തമിഴ്നാട്ടുകാരാണ്. മരിച്ചവരില്‍ ഒരാള്‍ ബംഗാളില്‍ നിന്നുള്ളയാളാണെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വടക്കന്‍ പറവൂരുകാരനും ബോട്ടിലുണ്ടായതായാണ് വിവരം.