ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാളെ മുതല്‍ നാട്ടില്‍ എത്തിക്കാനിരിക്കെ കപ്പല്‍മാര്‍ഗ്ഗമുള്ള മടക്കി കൊണ്ടുവരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. യുഎഇ യില്‍ നിന്നുള്ള അനുമതി വൈകുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിസന്ധി. ഇതോടെ ദുബായ് തീരത്തേക്ക് പോയ നാവികസേനയുടെ കപ്പലുകള്‍ അനുമതിക്കായി കാക്കുകയാണ്. തയ്യാറെടുപ്പിന് കുറച്ചുകൂടി സമയം നല്‍കണമെന്നാണ് യുഎഇ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ വിമാനമാര്‍ഗ്ഗം ആദ്യസംഘം നാട്ടിലെത്തും.
വിദേശത്തുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ ‘വന്ദേ ഭാരത് മിഷന്‍’ എന്ന പേരിലാണ് വിദേശകാര്യ മന്ത്രാലയം തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി വിമാനമാര്‍ഗ്ഗവും നാവികസേനയുടെ കപ്പല്‍ വഴിയും യുഎഇ യില്‍ നിന്നും ഇന്ത്യാക്കാരെ കൊണ്ടുവരാനാണ് ഇരിക്കുന്നത്. ഓപ്പറേഷന്‍ സേതു സമുദ്ര എന്ന പേരിലുള്ള നടപടിക്ക് നാലു കപ്പലുകളാണ് ഇന്ത്യാക്കാരെ കൊണ്ടുവരാന്‍ നാവികസേന അയയ്ക്കുന്നത്. ഇവയില്‍ രണ്ടെണ്ണം മാലദ്വീപിലേക്കും രണ്ടെണ്ണം യുഎഇ യിലേക്കുമാണ് പോയിരിക്കുന്നത്. 300 പേരെ കൊള്ളാവുന്ന രണ്ടു കപ്പലുകളാണ് ദുബായ് തീരത്തേക്ക് പോയിരിക്കുന്നത്.
എന്നാല്‍ യുഎഇയില്‍ നിന്നു അനുമതി താമസിക്കുന്ന വിവരം ഇന്ത്യന്‍ എംബസിയെ അറിയിക്കുകയും എംബസി വിദേശകാര്യമന്ത്രാലയത്തിനെ അറിയിക്കുകയും ആയിരുന്നു. നേരത്തേ വിമാനസര്‍വീസിന് അനുമതി നല്‍കിയ യുഎഇ വിമാനത്താവളങ്ങളിലെ പരിശോധനകള്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. ഇക്കാര്യം തന്നെ കപ്പല്‍മാര്‍ഗ്ഗമുള്ള കാര്യങ്ങള്‍ക്കും വേണ്ടതുണ്ട്. തുറമുഖങ്ങളിലെ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്ളതിനാലാണ് അനുമതി താമസിക്കുന്നത്. അതേസമയം രണ്ടു കപ്പലുകള്‍ മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്.
അതേസമയം വിമാന മാര്‍ഗ്ഗം യുഎഇയില്‍ നിന്നുള്ള ആദ്യ സംഘം നാളെ രാത്രി 9 മണിയോടെ കൊച്ചിയിലെത്തും. നാളെ രാത്രി 9.40 നാണ് പ്രവാസികളെയും കൊണ്ടു ള്ള ആദ്യ വിമാനം കൊച്ചിയില്‍ ഇറങ്ങുക. നാളെ മുതല്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എന്തെല്ലാം ക്രീകരണങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്ന് ആലോചിക്കുന്നുണ്ട്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കി അയയ്ക്കണമെന്നാണ് കേരളം നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാല്‍ കേരള സര്‍ക്കാര്‍ വരുന്നവരെ ക്വാറന്റൈനിലേക്ക് മാറ്റുന്ന രീതിയിലാണ് കാര്യങ്ങള്‍ നീക്കുന്നത്.
ജോലി നഷ്ടപ്പെട്ടവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ജോലിയില്ലാത്തവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. നാലഒു വിമാനങ്ങളിലായി 800 പേരാണ് എത്തുന്നത്. വിമാനത്താവളത്തില്‍ നിന്നും ക്വാറന്റീനിലേക്ക് മാറ്റുന്ന ഇവരുടെ ചെലവുകളുടെ കാര്യത്തിലും ആശങ്കയുണ്ട്്. കടുത്ത സാമ്പത്തീക പ്രതിസന്ധിയുമായി മടങ്ങിയെത്തുമ്പോള്‍ ക്വാറന്റൈന്‍ ചെലവുകള്‍ ഏറ്റെടുക്കാന്‍ കൂടി പ്രവാസികള്‍ക്ക് പാടാണ്. അതുകൊണ്ടു തന്നെ അവരുടെ ചികിത്സ ഏറ്റെടുക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ സാഹചര്യം മുന്നില്‍ കണ്ടു കൊണ്ടു തന്നെ കൂടുതല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളരെ കൊണ്ടുവന്നുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങളാണ് ആസൂണ്രം ചെയ്തിരിക്കുന്നത്.
യുഎഇയില്‍ രണ്ടു ലക്ഷം ഇന്ത്യാക്കാരാണ് നാട്ടിലേക്ക് മടങ്ങാനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ മൊത്തമായി 4,28,000 പേരാണ് റജിസ്റ്റര്‍ ചെയ്തത്. 15000 ആണ് ടിക്കറ്റ് ചാര്‍ജ്ജ്. ടിക്കറ്റ് ബുക്കിംഗും എയര്‍ഇന്ത്യ തുടങ്ങിയിട്ടുണ്ട്. മുന്‍ഗണനാ ക്രമത്തില്‍ ആള്‍ക്കാരെ അറിയിക്കുകയും ചെയ്തിരിക്കുകയാണ്. അതിനിടയില്‍ ഇന്ന് ഒരാള്‍ കൂടി ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി അഹമ്മദ് ഇബ്രാഹീമാണ് മരണമടഞ്ഞത്. കുവൈത്തിലായിരുന്നു മരണം. ഇതോടെ ഗള്‍ഫില്‍ കോവിഡ്ബാധയേറ്റ് മരിച്ചവരുടെ എണ്ണം 50 ആയി.