കൊച്ചി: അടിമുടി പുതുമകളോടെയാണ് ഈ ഓണക്കാലത്ത് ഖാദി ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. സഖാവ് ഷര്‍ട്ട്, ത്രീ ഡി സാരി, പടയപ്പ ചൂരല്‍ സെറ്റ്… തുടങ്ങി പുതമയേറിയ ഉത്പന്നങ്ങള്‍ ഏറെയുണ്ട്. ഒപ്പം മുപ്പത് ശതമാനം വിലക്കിഴിവും ബംബര്‍ സമ്മാനങ്ങളുമെല്ലാമായി ഓണക്കാല വില്‍പനയിലൂടെ പ്രതിസന്ധികളില്‍ നിന്ന് കരകയറാനുളള പരിശ്രമത്തിലാണ് ഖാദി ബോര്‍ഡ്.
പേരില്‍ വിവാദങ്ങളൊക്കെയുണ്ടാക്കിയെങ്കിലും ഖാദി ബോര്‍ഡിന്റെ സഖാവ് ഷര്‍ട്ട് വിപണിയില്‍ ക്ലിക്കായി കഴിഞ്ഞു. 820 മുതല്‍ 850 രൂപ വരെയാണ് ഷര്‍ട്ടിന്റെ വില. ഇതിനൊപ്പമെത്തിയ ത്രീ ഡി സാരിക്കും ആവശ്യക്കാര്‍ ഏറെ. കാഴ്ചയില്‍ മുണ്ടിനോട് സാമ്യമുളള ചുരിദാര്‍ സെറ്റുകളാണ് വിപണിയിലെ മറ്റൊരു പ്രത്യേകത. അഞ്ച് വ്യത്യസ്ത മോഡലുകളിലുളള ഇവക്ക് 750 മുതല്‍ 790 രൂപ രെയാണ് വില ഈടാക്കുന്നത്. ഒരു കാലത്ത് ഖാദി തുണിത്തരങ്ങളെന്ന് കേട്ടാല്‍ മടിച്ച് നിന്നിരുന്ന യുവതലമുറയെ ഖാദിയിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ഖാദി ബോര്‍ഡിന്റെ ലക്ഷ്യം.
കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം ഓണക്കാല വില്‍പയിലൂടെ ഖാദി ബോര്‍ഡിന് ലഭിച്ചത് 17 കോടി രൂപയാണ്. ഇത്തവണ അത് 25 കോടി കവിയുമെന്നാണ് പ്രതീക്ഷ. പതിവ് പോലെ 30 ശതമാനം വിലക്കിഴിവും ബംബര്‍ സമ്മാനങ്ങളും ഇതിനൊപ്പം ഖാദി ബോര്‍ഡ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.