തൊടുപുഴ: ഏവരെയും ഞെട്ടിച്ച ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസില്‍ പ്രധാന പ്രതികളായ രണ്ടുപേര്‍ പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷും അടിമാലിയിലെ മന്ത്രവാദിയുമാണ് പൊലീസ് പിടിയിലായത്. പ്രതികളില്‍ നിന്ന് 40 പവന്‍ സ്വര്‍ണവും കണ്ടെടുത്തു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് കാണാതായ ആഭരണങ്ങളാണിത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്തിരുന്നവരാണെന്നാണ് പൊലീസ് കണ്ടെത്തല്‍. അനീഷ് തൊടുപുഴയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തവരാണ് ഇയാളെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയത്.
ഇതോടെ കേസില്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച പിടിയിലായ ഇടുക്കി നെടുങ്കണ്ടം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ ചോദ്യം ചെയ്ത ശേഷം ഇന്ന് വിട്ടയച്ചിരുന്നു. നെടുങ്കണ്ടം സ്വദേശിയെയാണ് വിട്ടയച്ചത്. അതേസമയം, കൂട്ടക്കൊലയ്ക്കു പിന്നില്‍ സാമ്പത്തികത്തട്ടിപ്പും മന്ത്രവാദവുമാണെന്നു ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തട്ടിപ്പിന്റെ കേന്ദ്രം സംസ്ഥാനത്തിനു പുറത്താണ്. വിപുലമായ ശൃംഖലയിലെ കണ്ണി മാത്രമായിരുന്നു കൊല്ലപ്പെട്ട കൃഷ്ണന്‍. കൃഷ്ണനുമായി ഇടപാടു നടത്തിയവരെ ചോദ്യം ചെയ്യുകയാണെന്നും എസ്പി പറഞ്ഞു.
കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂവരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും മറ്റു പല കേസുകളിലും പ്രതികളാണെന്നും പൊലീസിനു വിവരം ലഭിച്ചു. കൊലയ്ക്കു പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമാണെന്നും സൂചനയുണ്ട്.