കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചതായും അവര്‍ അറിയിച്ചു.
ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്നു പിന്മാറിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് ഖാദി ബോര്‍ഡ് ഓണം-ബക്രീദ് മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനത്തില്‍ പ്രസംഗിക്കുന്നതിനിടെ ശോഭനാ ജോര്‍ജ് പറഞ്ഞു.
ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ദേശീയതയുടെ അടയാളങ്ങളിലൊന്ന് കൂടിയാണ് ചര്‍ക്ക. ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത പരസ്യത്തില്‍ അങ്ങനെയൊരു രംഗത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കും. ഖാദിയെന്ന പേരില്‍ വ്യാജതുണിത്തരങ്ങള്‍ വിപണിയില്‍ സജീവമാകുന്നതു കൂടി ചേര്‍ത്തുവേണം ഇത് വിലയിരുത്താന്‍- ശോഭന ജോര്‍ജ് പറഞ്ഞു.