കേസില്‍ നിന്ന് തടിയൂരാന്‍ ദിലീപ് ഡല്‍ഹിയിൽ; ജനറല്‍ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നിന്നു രക്ഷപ്പെടാന്‍ ദിലീപ് മുന്‍ അറ്റോര്‍ണി ജനറല്‍ ആയ മുകുള്‍ റോത്തഗിയെ കാണാന്‍ ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സൂചന. നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് ഇരിക്കെയാണ് താരം ഡല്‍ഹിയില്‍ എത്തി മുന്‍ അറ്റോര്‍ണി ജനറലും പ്രമുഖ അഭിഭാഷകനുമായ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയില്‍ സുന്ദര്‍ നഗറിലെ റോത്തഗിയുടെ ഓഫീസില്‍ ജൂലൈ മൂന്നാം വാരമാണ് കൂടിക്കാഴ്ച നടന്നത്.

25 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു നിന്നു. ഉത്തരേന്ത്യയിലെ ഒരു ബിജെപി ഭരണ സംസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേനയാണ് റോത്തഗിയുടെ ഓഫീസിനെ ദിലീപ് സമീപിച്ചത്. എന്നാല്‍ ഈ അഭിഭാഷകന്‍ ദിലീപും റോത്തഗിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിട്ടില്ല. ദിലീപിന് ഒപ്പം കേരളത്തില്‍ നിന്ന് എത്തിയ മറ്റൊരു അഭിഭാഷകനും റോത്തഗിയുടെ ജൂനിയര്‍മാരുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. സാധാരണ ഹാജരാകാന്‍ സാധ്യതയുള്ള കേസുകളില്‍ മാത്രമേ റോത്തഗി വിശദമായ കോണ്‍ഫറന്‍സിന് സമയം അനുവദിക്കുകയുള്ളു. കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വിചാരണ തുടങ്ങാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഹര്‍ജികള്‍ നല്‍കി ദിലീപ് വിചാരണ തടസ്സപ്പെടുത്തുകയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

സംസ്ഥാന പൊലീസ് തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നും സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരിക ഉള്ളു എന്നുമാണ് ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചില പ്രതികളുടെ മൊഴിയുടെ പേരില്‍ പൊലീസ് ദുരുദ്ദേശ്യത്തോടെ തന്നെ പ്രതിചേര്‍ക്കുകയായിരുന്നു എന്ന് റോത്തഗിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദിലീപ് വ്യക്തമാക്കി.

ദിലീപും റോത്തഗിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം 23 ആം തീയതി കേരള ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി പരിഗണിച്ചിരുന്നു. എന്നാല്‍ സീനിയര്‍ അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി അന്ന് കേസ് പരിഗണിക്കുന്നത് ദിലീപിന്റെ അഭിഭാഷകര്‍ മാറ്റി വച്ചിരുന്നു. നാളെയാണ് ഇനി ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്. നാളെ മുകുള്‍ റോത്തഗി ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

സാധാരണ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും മുകുള്‍ റോത്തഗി ഡല്‍ഹിയില്‍ തന്നെ തങ്ങാറാണ് പതിവ്. ഇതിന് പുറമെ ആഗസ്ത് മൂന്നിന് ചില കോര്‍പറേറ്റ് കക്ഷികളുടെ കേസും അദ്ദേഹത്തിന് സുപ്രീം കോടതിയില്‍ ഉണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ റോത്തഗി കൊച്ചിയിലേക്ക് പോകാന്‍ സാധ്യത കുറവാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7