പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ. ജോസഫ്, തമ്മനത്ത് ഹനാന് കിയോസ്‌ക് ഒരുക്കി നല്‍കുമെന്ന് കൊച്ചി മേയര്‍; മന്ത്രി നല്‍കിയത് വജ്ര മോതിരം

തൊടുപുഴ: ഉപജീവനത്തിനായി മത്സ്യക്കച്ചവടത്തിനിറങ്ങിയ തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് പിന്തുണയുമായി പി.ജെ.ജോസഫ് എംഎല്‍എയും കൊച്ചി മേയര്‍ സൗമിനി ജെയിനും. പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ.ജോസഫ് ഹനാനോട് ആവശ്യപ്പെട്ടു. എത്രത്തോളം പഠിക്കാന്‍ കഴിയുമോ അത്രത്തോളം പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഹനാനോട് പറഞ്ഞു.

തമ്മനത്ത് തന്നെ ഹനാന് മത്സ്യക്കച്ചവടത്തിന് കിയോസ്‌ക് ഒരുക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനും ഹനാന് ഉറപ്പ് നല്‍കി. അല്‍- അസ്ഹര്‍ കോളെജിലെത്തിയാണ് പിജെ ജോസഫ് എംഎല്‍എയും കൊച്ചി മേയറും ഹനാനുമായി സംസാരിച്ചത്. അല്‍- അസ്ഹര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ കെ.എം. മൂസയും മാനേജിംഗ് ഡയറക്ടര്‍ കെ.എം. മിജാസും ചടങ്ങില്‍ പങ്കെടുത്തു.

മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ വജ്ര മോതിരം കെ.എം. മിജാസ് ഹനാന് കൈമാറി. വളാഞ്ചേരിയിലെ കവിത ജ്വല്ലറിയില്‍ നിന്ന് ലഭിച്ച മോതിരം മന്ത്രി കെ.ടി.ജലീല്‍ ഹനാന് നല്‍കാന്‍ കെ.എം.മിജാസിന് കൈമാറിയിരുന്നു. കവിത ജ്വല്ലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രി കെ.ടി.ജലീലിന് ജ്വല്ലറി മാനേജ്മെന്റ് ഒരു ഉപഹാരം സമ്മാനിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ ഒരു കവര്‍ നല്‍കി.

അവിടെവെച്ചുതന്നെ കവര്‍ തുറന്നുനോക്കിയ മന്ത്രി കെ.ടി.ജലീല്‍ കണ്ടത് നല്ലൊരു വജ്രമോതിരം. ജ്വല്ലറി മാനേജ്മെന്റ് സന്തോഷത്തോടെ തനിക്ക് സമ്മാനിച്ച വജ്രമോതിരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് കൊടുക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍ അവിടെ വെച്ച് തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഹനാന്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ആലപ്പുഴയിലേക്ക് പോയ സാഹചര്യത്തിലാണ് വജ്ര മോതിരം ഹനാന് കൈമാറാന്‍ മന്ത്രി കെ.ടി.ജലീല്‍ മിജാസിനെ ചുമതലപ്പെടുത്തിയത്. അതനുസരിച്ചാണ് മിജാസ് വജ്രമോതിരം ഹനാന് കൈമാറിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7