‘കര്‍വാന്‍’ കാണണം…..ഇര്‍ഫാന്‍ഖാന്റ ആഗ്രഹം സാധിച്ച്‌കൊടുത്ത് അണിയറക്കാര്‍

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ രോഗം ബാധിച്ച് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇര്‍ഫാന്‍ ഖാനുവേണ്ടി ‘കര്‍വാന്‍’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. റിലീസിനൊരുങ്ങുന്ന തന്റെ അടുത്ത ചിത്രം കാണണം എന്ന് ഇര്‍ഫാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ ഹെന്റി വുഡ് ഹൗസിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇര്‍ഫാന്‍ഖാനോടൊപ്പം ഭാര്യ സുതപ സിക്തറും പ്രദര്‍ശനത്തിനെത്തിയിരുന്നു. സ്‌ക്രീനില്‍ തന്നെ കാണുമ്പോള്‍ ഇര്‍ഫാന്‍ ഖാന്‍ വളരെയധികം സന്തോഷവാനായി അനുഭവപ്പെട്ടുവെന്ന് കര്‍വാന്റെ സംഭാഷണ രചയിതാവ് ഹുസൈന്‍ ദലാല്‍ പറഞ്ഞു. ഏതാനും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം പ്രദര്‍ശനം കാണാന്‍ ഉണ്ടായിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ചെറിയ ചില നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വച്ചുവെങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടുവെന്നും ഹുസൈന്‍ ദലാല്‍ പറഞ്ഞു.

ഓഗസ്റ്റ് 10 നാണ് കര്‍വാന്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ഇര്‍ഫാനൊപ്പം മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും മിഥില പാര്‍ക്കറുമുണ്ട്. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ്. ഒരു റോഡ് യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്തമായ ജീവിതമാണ് സിനിമയുടെ പ്രമേയം. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന കര്‍വാന്‍ നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്.

നേരത്തെ ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം പിടിപെട്ടുവെന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം കേട്ടത്. തനിക്ക് അപൂര്‍വമായി കാണപ്പെടുന്ന ന്യൂറോ എന്‍ഡോക്രൈന്‍ ടൂമര്‍ എന്ന അര്‍ബുദമാണെന്നും അതിന് രാജ്യത്തിനു പുറത്ത് ചികിത്സ തേടുകയാണെന്നും അദ്ദേഹം മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ അസുഖത്തെകുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും ഇര്‍ഫാന്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം സുഖമായി താമസിക്കുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular