ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംഘപരിവാറിനെതിരെ അടവുപരമായ സഖ്യമുണ്ടാക്കാനാണ് തീരുമാനം. നേതാക്കള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു.
ബിജെപിയെ താഴെയിറക്കാന്‍ കടുംപിടിത്തങ്ങള്‍ ഒഴിവാക്കി, വിട്ടുവീഴ്ചയുടെ പ്രായോഗിക രാഷ്ട്രീയത്തിനു തയാറാണെന്നു സൂചിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത ഫോര്‍മുല ആവശ്യമാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രാദേശിക കക്ഷികള്‍ക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അവരെ ഡ്രൈവിങ് സീറ്റിലിരുത്താന്‍ കോണ്‍ഗ്രസ് തയാറാവണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക നേതാക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള സഖ്യ ചര്‍ച്ചകള്‍ വൈകാതെ ആരംഭിക്കുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ബിഹാറില്‍ ആര്‍ജെഡിയും യുപിയില്‍ എസ്പി ബിഎസ്പി കൂട്ടുകെട്ടും മഹാരാഷ്ട്രയില്‍ എന്‍സിപിയും കര്‍ണാടകയില്‍ ജനതാദളു(എസ്)മാണ് കോണ്‍ഗ്രസുമായി സഖ്യചര്‍ച്ച നടത്തുക. പ്രാദേശിക കക്ഷികള്‍ക്കു പൂര്‍ണമായി വഴങ്ങാതെ, സ്വന്തം സ്വാധീനം നിലനിര്‍ത്താന്‍ കഴിയുംവിധമുള്ള സീറ്റ് പങ്കിടലാണു ലക്ഷ്യം.