മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ വന്‍ പരാജയം!!! കണക്കുകള്‍ നിരത്തി ലോകബാങ്കും റിസര്‍വ് ബാങ്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പിലാക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണമൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കുകള്‍. ലോകബാങ്കിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത് 2014ല്‍ മോദി അധികാരത്തിലെത്തിയശേഷം ഇന്ത്യയുടെ നിര്‍മ്മാണ രംഗത്ത് വലിയ മുന്നേറ്റമൊന്നുമുണ്ടായിട്ടില്ല എന്നാണ്. ബ്ലൂബര്‍ഗ്.കോം ആണ് കണക്കുകള്‍ നിരത്തി മെയ്ക്ക് ഇന്‍ ഇന്ത്യ പരാജയമാണെന്ന് തുറന്നുകാട്ടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറിയെന്നു വിളിക്കുന്ന സാംസങ് ഇലക്ട്രോണിക്സ് ഇന്ത്യയില്‍ തുറന്നു എന്നതൊഴിച്ചാല്‍ മറ്റൊരു കാര്യവും മെയ്ക്ക് ഇന്ത്യയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനില്ലെന്നാണ് ബ്ലൂംബര്‍ഗ്.കോമില്‍ ലെയ്ന്‍മാര്‍ലോയും വൃഷ്ടി ബെനിവാളുമെഴുതിയ ലേഖനത്തില്‍ പറയുന്നത്.

1995ല്‍ അതിന്റെ ഏറ്റവും ഉയരത്തില്‍ (18.6%) എത്തിയിരുന്ന നിര്‍മ്മാണ മേഖല ഇപ്പോള്‍ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 15% ആയി കുറഞ്ഞിരിക്കുകയാണെന്നാണ് ലോകബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ പുതിയ നിക്ഷേപങ്ങള്‍ കുറയുകയും പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ കാരണമാകുകയും ചെയ്യുന്നത് വര്‍ധിച്ചിരിക്കുകയാണെന്നാണ് മറ്റു കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ നിര്‍മാണരംഗത്തിന്റെ തകര്‍ച്ചയെ തടയാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ആയിട്ടില്ലെന്നാണ് ലോകബാങ്കിന്റെ കണക്കുകള്‍ പറയുന്നത്.

‘മെയ്ക്ക് ഇന്‍ ഇന്ത്യയെന്നത് മോദി സര്‍ക്കാരിന്റെ മികച്ച പദ്ധതിയാണ്. പക്ഷേ അതിനെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യമോ ബിസിനസ് അനുകൂല പരിസ്ഥിതിയോ ഇല്ലെങ്കില്‍ പദ്ധതി നടപ്പിലാക്കുകയെന്നത് വലിയ വെല്ലുവിളിയാവും.’ എന്നാണ് ഒട്ടാവയിലെ കാള്‍ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇക്ണോമിക്സ് അസോസിയേറ്റ് പ്രഫസര്‍ വിവേക് ദേഹ്ജിയ പറയുന്നത്.

മെയ്ക്ക് ഇന്ത്യയുടെ പേരില്‍ വരുത്തിയ വലിയ പരിഷ്‌കാരങ്ങളിലൊന്ന് പ്രതിരോധ മേഖലയിലടക്കം ചില മേഖലയില്‍ വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനുണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയെന്നതായിരുന്നു. എന്നാല്‍ നിക്ഷേപത്തില്‍ വന്‍കുറവാണ് ഉണ്ടായതെന്നാണ് സ്വകാര്യ കണക്കുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ അവസാനിച്ച ഈ സാമ്പത്തിക വര്‍ഷത്തിലെ പുതിയ പദ്ധതികള്‍ക്കുവേണ്ടിയുള്ള നിക്ഷേപം 6.62 ട്രില്യണ്‍ രൂപയായി കുറഞ്ഞിട്ടുണ്ടെന്നാണ് ദ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്ണോമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 18.7 ട്രില്യണ്‍ രൂപയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7