തൃശൂരില്‍ പെണ്‍വാണിഭം: സിനിമാ-സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: പൂങ്കുന്നത്ത് വാടകവീണ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്മി45), പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും തിരുവനന്തപുരം, ഷൊര്‍ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ്.

പൂങ്കുന്നത്ത് ഉദയനഗര്‍ അവന്യൂ റോഡിലെ ഇരുനിലവീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലുള്ളവര്‍ക്ക് അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ സൂചനയെത്തുടര്‍ന്നാണ് വെസ്റ്റ് പൊലീസ് വ്യാഴാഴ്ച വൈകീട്ട് റെയ്ഡ് നടത്തിയത്. ഒരുമാസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തത്.

സീരിയല്‍, സിനിമാ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്ത പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായ നടത്തിപ്പുകാരിയായ സ്ത്രീയെ പെണ്‍വാണിഭക്കേസില്‍ മുമ്പ് മണ്ണുത്തി, നെടുപുഴ എന്നിവിടങ്ങളിലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഓരോ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും പഴയ പ്രവര്‍ത്തനം തന്നെയാണ് ഇവര്‍ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.

അതേസമയം ഒരുമാസം മുമ്പ് പൂങ്കുന്നത്ത് തയ്യല്‍ക്കടയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയതിന് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത സംഭവത്തിലെ നടത്തിപ്പുകാരി വ്യാഴാഴ്ച കീഴടങ്ങി. മതിലകം സ്വദേശിനി സീമ ജോസാണ് പൊലീസിന് കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പൂങ്കുന്നത്ത് ലെനിന്‍ നഗറിലായിരുന്നു അന്ന് വാടകവീട്ടില്‍ പെണ്‍വാണിഭം നടന്നിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7