തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി കളക്ടര്‍ ടി.വി അനുപമ. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരിന് മുന്നില്‍ ആശ്വാസവാക്കുകളുമായി എത്തിയാണ് ഇത്തവണ അനുപമ കയ്യടി നേടിയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും ക്ഷമാപൂര്‍വം മുഴുവന്‍ കേട്ട ശേഷം അവരെ അനുപമ ആശ്വസിപ്പിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ നടപടികള്‍ എടുക്കുന്നതിന്റെയും ഭാഗമായാണ് അനുപമ വീടുകളിലും മറ്റും സന്ദര്‍ശനം നടത്തിയത്. ഒരു വീട്ടിലെത്തിയപ്പോള്‍ അവിടെ വീട്ടമ്മ കരഞ്ഞുകൊണ്ട് ബുദ്ധിമുട്ടുകള്‍ പറഞ്ഞു. ഇത് കേട്ട അനുപമ അവരോട് കരയരുതെന്നും നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പുനല്‍കിയ ശേഷമാണ് മടങ്ങുന്നത്. അനുപമയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ അഭിനന്ദനപ്രവാഹത്തിന് കാരണമായിരിക്കുന്നത്. ‘നിങ്ങളെ പോലെയുള്ള ഒരു കലക്ടര്‍ തന്നെയാണ് ഈ നാടിന് ആവശ്യം. ബിഗ് സല്യൂട്ട് അനുപമ മാഡം’, ഒരാള്‍ ഫെയ്സ്ബുക്കില്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇതാണ് ജനങ്ങള്‍ ആഗ്രഹിച്ച കലക്ടറെന്നായിരുന്നു മറ്റൊരാളുടെ വാക്കുകള്‍.
ചുരുങ്ങിയ കാലം കൊണ്ട് ആര്‍ജവമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെന്ന് പേരെടുക്കാന്‍ അനുപമയ്ക്ക് കഴിഞ്ഞു. ആലപ്പുഴയില്‍ കലക്ടറായിരുന്നപ്പോള്‍ മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ അഴിമതിക്കെതിരെ ഭീഷണിയും സമ്മര്‍ദ്ദവും അതിജീവിച്ച് നിലപാട് എടുത്തയാളാണ് അനുപമ. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന കാലത്ത് അനുപമ ഗുണനിലവാരമില്ലാത്ത നിരവധി ബ്രാന്‍ഡുകള്‍ക്കെതിരെ നടപടിയെടുക്കുകയും അവരുടെ ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്.
ജനങ്ങളെ ആശ്വസിപ്പിച്ചും അവര്‍ക്കൊപ്പം ഏത് ആപത്തിലും കൂടെയുണ്ടെന്ന് ഉറപ്പ് നല്‍കുന്ന കലക്ടര്‍ അനുപമയുടെ വാക്കുകളാണ് ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്നത്. കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിലും സമാന ദുരിതം അനുഭവിക്കുന്ന വലപ്പാട്ടെ ജനങ്ങള്‍ക്കിടയിലേക്കും അനുപമ ആശ്വാസവാക്കുകളുമായി എത്തി. ഈ പ്രദേശങ്ങളില്‍ രണ്ടായിരത്തോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.