കൊച്ചി: അഭിമന്യു വധക്കേസിലെ തര്‍ക്കം ആരംഭിച്ചത് ചുവരെഴുത്തിനെ ചൊല്ലിയായിരുന്നുവെന്ന് മുഖ്യപ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. എസ്എഫ്ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷം മുന്നില്‍ കണ്ട് പുറത്തുനിന്നുള്ളവര്‍ ക്യാമ്പ് ചെയ്തു. തര്‍ക്കമായപ്പോള്‍ കൊച്ചിന്‍ ഹൗസിലുള്ളവരെ അറിയിച്ചു. എസ്എഫ്ഐയെ പ്രതിരോധിക്കാനായിരുന്നു നിര്‍ദേശം ലഭിച്ചതെന്നും മുഹമ്മദ് പറഞ്ഞു.
അഭിമന്യു വധക്കേസില്‍ പിടിയിലായ മുഹമ്മദിനെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ്. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്. അതേസമയം നാല് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളെജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്. കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്. മറ്റുപ്രതികളെ കാമ്പസിലേക്ക് വിളിച്ച് വരുത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവര്‍ കൊലപാതകത്തിന് കൂട്ടുനിന്നവരാണ്.
അതേസമയം അഭ്യുമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യ പങ്കുണ്ടെന്ന് സൂചനയുണ്ട്. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫ് ഗൂഢാലോചനയിലെ പ്രധാന പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളരുത്തി സ്വദേശി ഷമീര്‍ ആണെന്നും ഇരുവരും ഒളിവിലാണെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തെ തടസപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് പൊലീസ് പീഡനം ആരോപിച്ച് പ്രതികളുടെ ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ നല്‍കുന്നത് അന്വേഷണം തടസപ്പെടുത്താനാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി പറഞ്ഞു. കോളെജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ കോളെജില്‍ കൊല നടന്നത് ദുഃഖകരമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമാകാന്‍ പാടില്ല.2001ലെ വിധിക്ക് ശേഷം സര്‍ക്കാരുകള്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ മൂന്നാഴ്ച സമയം തേടി.
കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം വേണ്ടെന്ന ഹൈകോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍. എസ് അജോയി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപെട്ട സംഭവമാണെന്നും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
അതേസമയം, പ്രതികള്‍ക്ക് കേസുമായി ബന്ധപ്പെട്ട വിവരം ചോര്‍ത്തിക്കൊടുക്കുന്നതില്‍ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പങ്കിനെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ കുറ്റവാളിസംഘത്തിന് വിവരങ്ങള്‍ നല്‍കുന്നതായാണ് സംശയിക്കുന്നത്. കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാര്‍ഡും സ്ത്രീകളുടെ പേരിലായിരിക്കും. എസ്ഡിപിഐ ബന്ധമുള്ള പുരുഷന്‍മാരെ നിരീക്ഷിക്കുന്നതിനാലാണ് ഇത്തരത്തില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. മുന്‍കൂട്ടി പ്ലാന്‍ചെയ്ത കൊലപാതകമായതിനാല്‍ ഇത്തരം സിം കാര്‍ഡുകള്‍ അക്രമിസംഘം നേരത്തേ കൈവശംവെച്ചതായും സംശയിക്കുന്നുണ്ട്.