വ്യക്തിവിവരങ്ങളുടെ സംരക്ഷണം: പൂര്‍ണ അവകാശം ഉപയോക്താവിന് തന്നെ; സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ല

വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിനുള്ള അവകാശം പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് തന്നെയാണെന്നും അതില്‍ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ടെലികോം മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സ്വകാര്യത, സുരക്ഷ, വിവരങ്ങളുടെ ഉടമസ്ഥത എന്നിവ സംബന്ധിച്ച് ട്രായ് തയാറാക്കിയ ശുപാര്‍ശയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിവരങ്ങള്‍ സൂക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കമ്പനികള്‍ അവയുടെ പരിപാലകര്‍ മാത്രമാണ്. അവര്‍ക്ക് മറ്റ് അവകാശങ്ങളൊന്നും ഇല്ല. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് തടയുന്നതിനായി സ്ഥാപനങ്ങളെ ചട്ടക്കൂടിനുള്ളിലാക്കണം. അത്തരമൊരു ചട്ടക്കൂട് ഉണ്ടാക്കാന്‍ കാലതാമസം എടുക്കും എന്നതിനാല്‍ അതുവരെ വിവര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും ട്രായ് നിര്‍ദ്ദേശിക്കുന്നു. ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് രൂപം ടെലികോം മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് പലപ്പോഴും തിരിച്ചറിയാന്‍ പോലും സാധിക്കാത്ത തരത്തില്‍ ടിക്ക് ബോക്സ് കൊണ്ട് അനുവാദം നേടിയുള്ള വിവരശേഖരണം അവസാനിപ്പിക്കണം. മൊബൈല്‍ ആപ്പ് കമ്പനികളും സ്മാര്‍ട്ട്ഫോണ്‍ ഡിവൈസ് നിര്‍മ്മാണ കമ്പനികളുമാണ് ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നത്. ഉപയോക്താക്കളില്‍നിന്ന് ആവശ്യമില്ലാത്ത വിവരങ്ങള്‍ ശേഖരിക്കുന്നത് നിരോധിക്കണം. ഉപകരണങ്ങള്‍ വില്‍ക്കുന്നതിന് മുന്‍പായി അതിന്റെ ഉപയോഗത്തിനുള്ള നിബന്ധനകള്‍ അറിയിച്ചിരിക്കണം തുടങ്ങി കണ്‍സ്യൂമേഴ്സിന്റെ വിവരസുരക്ഷയ്ക്ക് കര്‍ശന വ്യവസ്ഥകളാണ് ട്രായ് മുന്നോട്ട് വെയ്ക്കുന്നത്.

ഐഫോണുകള്‍, ആന്‍ഡ്രോയിഡ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ഗൂഗിള്‍ ക്രോം പോലുള്ള വെബ് ബ്രൗസറുകള്‍, ഫെയ്സ്ബുക്ക്, പേടിഎം, യൂബര്‍, സൊമാറ്റോ തുടങ്ങിയ നിരവധി കമ്പനികള്‍ ആളുകളുടെ വിവരങ്ങള്‍ പലവിധത്തിലായി ശേഖരിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7