ഐഫോണിന് തിരിച്ചടി; ആറ് മാസത്തിനകം നടപടിയെടുക്കാന്‍ ഒരുങ്ങി ട്രായ്

മുന്‍നിര സ്മാര്‍ട്‌ഫോണായ ഐഫോണിന് രാജ്യത്ത് തിരിച്ചടിയുണ്ടായേക്കുമെന്ന് സൂചന. ഐഫോണിന്റെ നിര്‍മാതാക്കളായ ആപ്പിളും ട്രായും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അനാവശ്യ ഫോണ്‍വിളികളും സന്ദേശങ്ങളും തടയുന്നതിനായി ട്രായ് അവതരിപ്പിച്ച ആപ്ലിക്കേഷന് ഐഓഎസ് പ്ലാറ്റ് ഫോമില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആപ്പിളിനെതിരെയുള്ള കര്‍ശന നടപടികളിലേക്ക് നയിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്.

ആറ് മാസത്തിനുള്ളില്‍ ഡിഎന്‍ഡി ആപ്പ് ഐഒഎസ് ഫോണുകളില്‍ ഉള്‍പ്പെടുത്താന്‍ തയ്യായില്ലെങ്കില്‍ ഐഫോണുകളില്‍ സേവനം നല്‍കുന്നതില്‍ നിന്നും രാജ്യത്തെ മൊബൈല്‍ ഓപ്പറേറ്റര്‍മാരെ വിലക്കാനാണ് പുതിയ ടെലികോം നയത്തിലൂടെ ട്രായ് ലക്ഷ്യമിടുന്നത്.

അനാവശ്യ ഫോണ്‍ വിളികളും സന്ദേശങ്ങളും തടയുന്നതിനും അവയെ നിയന്ത്രിക്കുന്നതിനുമായി ട്രായ് കഴിഞ്ഞ വര്‍ഷം ഡു നോട്ട് ഡിസ്റ്റര്‍ബ് ആപ്ലിക്കേഷന്‍(ഡിഎന്‍ഡി) ട്രായ് പുറത്തിറക്കിയിരുന്നു. പുതിയ അപ്‌ഡേറ്റ് കഴിഞ്ഞ ആപ്പ് ഇപ്പോള്‍ ഡിഎന്‍ഡി 2.0 എന്ന പേരിലാണുള്ളത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ അനുവാദം നല്‍കിയെങ്കിലും ഐഒഎസ് ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാന്‍ ആപ്പിള്‍ ഇതുവരെ സമ്മതിച്ചില്ല.

ഫോണുകളില്‍നിന്നുള്ള കോള്‍ വിവരങ്ങളും സന്ദേശങ്ങളുടെ വിവരങ്ങളുമാണ് ഡിഎന്‍ഡി ആപ്പിന് ആവശ്യമായുള്ളത്. അനാവശ്യ കോളുകളും സന്ദേശങ്ങളും ട്രായ് ആപ്പില്‍നിന്നു തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. അതുവഴി സര്‍ക്കാര്‍ അതോറിറ്റിയായ ട്രായിക്ക് നേരിട്ടുതന്നെ തുടര്‍നടപടികള്‍ സ്വീകരിക്കാനും കഴിയും.

എന്നാല്‍ ഐഒഎസ് ഉപകരണങ്ങളില്‍ നിന്നും ആപ്പിനാവശ്യമായ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് ആപ്പിള്‍. ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന നിലപാടിലാണ് ആപ്പിള്‍. മറ്റ് ആപ്ലിക്കേഷനുകള്‍ക്കും ഉപഭോക്തൃവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വാട്‌സആപ്പ് ഇതേ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കെല്ലാം ഡിഎന്‍ഡി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യമുണ്ടാകണമെന്ന് നിബന്ധനചെയ്തുള്ള പുതിയ നയം ട്രായ് അവതരിപ്പിച്ചത്. ടെലികോം കമ്പനികള്‍ ഇത് ഉറപ്പുവരുത്തണമെന്നാണ് ട്രായ്‌യുടെ നിര്‍ദ്ദേശം.

ഫോണ്‍ നിര്‍മാതാക്കള്‍ ട്രായ്‌യുടെ നിയന്ത്രണ പരിധിയില്‍ പെടുന്നവരല്ല. അതുകൊണ്ട് ആപ്പിളിനെതിരെ നേരിട്ട് നടപടി സ്വീകരിക്കാന്‍ ട്രായിക്ക് കഴിയില്ല. പക്ഷെ പുതിയ നിബന്ധന അനുസരിച്ച് ഡിഎന്‍ഡിയ്ക്ക് അനുമതിയില്ലാത്ത ഐഫോണുകളെ വിലക്കണമെന്ന് ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കിയാല്‍ അവര്‍ക്ക് അത് പാലിക്കേണ്ടതായി വരും. ഈ നിലപാടായിരിക്കും ട്രായ് സ്വീകരിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7