ശശി തരൂരിന്റെ ഓഫീസിന് നേരെ കരി ഓയില്‍ ആക്രമണവുമായി യുവമോര്‍ച്ച, പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമം. തിരുവനന്തപുരം പുളിമൂടിന് സമീപമുളള ശശി തരൂരിന്റെ ഓഫീസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഓഫീസിനുമുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്ത് വച്ചു. ഹിന്ദു പാക്കിസ്ഥാന്‍ ഓഫീസ് എന്ന ബാനറും കെട്ടി.

ബിജെപി ഇനിയൊരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാന്‍ ആകുമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ? അഭിപ്രായ പ്രകടനത്തിനെതിരായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംപിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ശശി തരൂര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം.

ശശിതരൂരിന്റെ അഭിപ്രായ പ്രകടനം കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ ഒരു സംവാദത്തിന് തുടക്കം കുറിച്ചിരിക്കെയാണ് സ്വന്തം മണ്ഡലത്തില്‍ ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ അക്രമം അരങ്ങേറുന്നത്.

ശശിതരൂര്‍ എംപിയുടെ ഓഫീസിന് നേരെയുളള യുവമോര്‍ച്ച അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ശശി തരൂരിന്റെ ആക്രമിക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ചു.
താന്‍ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ശശി തരൂര്‍ വ്യക്തമാക്കി. ജനപ്രതിനിധികളെ നിശബ്ദമാക്കാനുളള ശ്രമമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിക്ക് ഇഷ്ടപ്പെടാത്ത? അഭിപ്രായം പറയുന്നവരെ നിശബ്ദമാക്കാനുളള ബിജെപിയുടെ തന്ത്രമാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുളള? ബിജെപിയുടെ ഇത്തരം തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7