കൊല്ലം: റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനന്തപുരി എക്‌സ്പ്രസിന്റെ എന്‍ജിനു തീപിടിച്ചു. ചെന്നൈ എഗ്മോറില്‍ നിന്നു കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനന്തപുരി എക്‌സ്പ്രസിനാണ് (നമ്പര്‍ 22661) തീപിടിച്ചത്. ഉച്ചയ്ക്ക് 1.55 നായിരുന്നു സംഭവം. തീയണച്ചു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു. ആര്‍ക്കും പരുക്കില്ല. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ പിടിച്ചിട്ടത് അല്‍പനേരം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. കൊല്ലം–-എറണാകുളം റൂട്ടിലെ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു.
ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ ഉടനെയാണ് എന്‍ജിന്‍ മുറിയില്‍ തീപിടിത്തമുണ്ടായത്. ശബ്ദം കേട്ടു നോക്കിയപ്പോള്‍ തീപ്പൊരിയും പിന്നാലെ പുകയും ഉയര്‍ന്നതായി കാണുകയായിരുന്നു. ഇലക്ട്രിക് എന്‍ജിനിലാണു തീപിടിത്തമുണ്ടായതെന്നാണു സൂചന. ഇതിനോടു ചേര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറുമുണ്ട്. ഷോര്‍ട് സര്‍ക്യൂട്ടാണു കാരണമെന്നു കരുതുന്നു. വെന്റിലേഷന്‍ നല്‍കി മുഴുവന്‍ പുകയും ഒഴിവാക്കി. എന്‍ജിന്‍ ഉപയോഗ യോഗ്യമാണോയെന്നു വ്യക്തമായിട്ടില്ല. അനന്തപുരി എക്‌സ്പ്രസിന്റെ അവസാനത്തെ സ്‌റ്റോപ്പ് കൊല്ലത്തായിരുന്നു.