ബംഗളൂരു: കോണ്‍ഗ്രസ് നല്‍കിയ വിഷം കഴിച്ച അവസ്ഥയാണ് ഇപ്പോഴെനിക്കുള്ളതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇതാദ്യമായാണ് കുമാരസ്വാമി കോണ്‍ഗ്രസുമായുള്ള കൂട്ടുകക്ഷി ഭരണത്തിനെതിരേ പൊതുവേദിയില്‍ തുറന്നടിക്കുന്നത്. കുമാരസ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ. ‘നിങ്ങളെല്ലാവരും എനിക്ക് ആശംസകളുടെ പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു സ്‌നേഹപ്രകടനങ്ങളെല്ലാം. നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന എനിക്കിപ്പോള്‍ നന്നായറിയാം. ഈ സഖ്യസര്‍ക്കാര്‍ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാന്‍…’ കണ്ണീരൊഴുക്കിക്കൊണ്ടാണ് കുമാരസ്വാമി ഇതെല്ലാം പറഞ്ഞത്്. കോണ്‍ഗ്രസുമായി ചേര്‍ന്നു രൂപീകരിച്ച സഖ്യസര്‍ക്കാര്‍ നല്‍കുന്ന ‘വേദന’ ഇതാദ്യമായാണു പൊതുവേദിയില്‍ കുമാരസ്വാമി തുറന്നു പറയുന്നത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു രണ്ടു മാസം തികയുന്ന അവസരത്തിലാണു പ്രസ്താവനയെത്തിയിരിക്കുന്നത്.
ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്നും അണികളോട് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ‘ഒരു മുഖ്യമന്ത്രി എല്ലായിപ്പോഴും സന്തോഷവാനായിരിക്കണം’ എന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം. സന്തോഷവാനല്ലെന്നു പറയാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്നും പരമേശ്വര ചോദിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി ജെഡിഎസ് സഖ്യം തുടരുമോയെന്ന് ഉറ്റുനോക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ പ്രസ്താവനയെന്നതും രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റുന്നു.
മന്ത്രിസഭ രൂപീകരിച്ചതിനു ശേഷവും കോണ്‍ഗ്രസുമായി അസ്വാരസ്യം തുടര്‍ന്നിരുന്നു. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്നതിന്റെ പേരിലായിരുന്നു ഇത്. ഒടുവില്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വുമായി കുമാരസ്വാമി ചര്‍ച്ച നടത്തിയാണ് ഏകദേശ ധാരണയുണ്ടായത്. ബജറ്റ് അവതരിപ്പിക്കുന്നതിന്റെ പേരിലാണ് ഏറ്റവും പുതിയ പ്രതിസന്ധി.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ‘ഫുള്‍ ബജറ്റ്’ അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയയാണു പുതിയ ബജറ്റിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നേതൃത്വം താക്കീത് ചെയ്തതും അടുത്തിടെയാണ്.
കുമാരസ്വാമി സര്‍ക്കാര്‍ മൂന്നു മാസത്തിനകം താഴെ വീഴുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വീണതിനു ശേഷം പുതിയതു രൂപീകരിക്കുന്നതു സംബന്ധിച്ചു സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.