കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്തു; നീനുവിന്റെ അമ്മ രഹ്നയ്ക്ക് മര്‍ദ്ദനം

കൊല്ലം: കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത ശേഷം ഭാര്യ രഹ്നയെ മര്‍ദ്ദിച്ചു. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷനുസമീപത്തെ വീട്ടില്‍വെച്ചാണ് സംഭവം. നേരത്തേമുതലേ പിണക്കത്തിലായിരുന്ന ചാക്കോയുടെ മാതാവ് വീട്ടില്‍ വരുന്നതും കെവിന്‍കേസിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളുമാണ് മര്‍ദനത്തിലെത്തിച്ചത്.

ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി രഹ്നയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

അതേസമയം, നീനുവിനെ താന്‍ നോക്കിയില്ലെന്ന് പറയുന്നതും ഉപദ്രവിച്ചെന്ന് പറയുന്നതും കള്ളമാണെന്ന് നീനുവിന്റെ അമ്മ രഹ്ന ചാക്കോ വ്യക്തമാക്കിയരുന്നു. കെവിന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല. മകന്‍ ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും അവര്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെവിനുമായി അടുപ്പമുണ്ടെന്ന് നീനു തന്നോട് പറഞ്ഞിട്ടില്ല. കോളെജില്‍ പോകുന്ന വഴിക്ക് കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കെവിനെ കണ്ട്, മകളെ ശല്യപ്പെടുത്തരുതെന്ന് വിലക്കിയിരുന്നു. മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണ്.

നീനുവിന്റെ ഇരുപതാം പിറന്നാളിന് ഒരു സ്‌കൂട്ടി വാങ്ങിക്കൊടുത്തിരുന്നു. മറ്റൊരിക്കല്‍ ഡയമണ്ടിന്റെ മോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോള്‍ നീനുവിന്റെ കൈയില്‍ ഇല്ലെന്നും രഹ്ന പറഞ്ഞു. കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മകളെ ഒന്നു കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും നീനു ഹോസ്റ്റലില്‍ ആണെന്നുമാണ് അവര്‍ പറഞ്ഞതെന്നും നീനു വെളിപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7