കൊളമ്പിയ ഷൂട്ടൗട്ടില്‍ വീണു; ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

മോസ്‌കോ: പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മുഴുവന്‍ സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

പെനല്‍റ്റിയില്‍നിന്ന് ഹാരി കെയ്ന്‍ നേടിയ ഗോളില്‍ ഇംഗ്ലണ്ടാണ് ആദ്യം മുന്നില്‍ക്കയറിയത്. ഇംഗ്ലണ്ടിന് അനുകൂലമായി വിധിച്ച കോര്‍ണര്‍കിക്ക് തടയാനുള്ള കൂട്ടപ്പൊരിച്ചിലിനിടെ ബോക്സിനുള്ളില്‍ ഹാരി കെയ്നെ കാര്‍ലോസ് സാഞ്ചസ് വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത കെയ്ന്‍ അനായാസം ലക്ഷ്യം കണ്ടു. ഈ ലോകകപ്പിലെ ടോപ് സ്‌കോററായ കെയ്നിന്റെ ആറാം ഗോള്‍. അതില്‍ നാലും പെനല്‍റ്റിയില്‍നിന്ന്.

തിരിച്ചടിക്കാനുള്ള കൊളംബിയയുടെ ശ്രമങ്ങള്‍ അതിജീവിച്ച് ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുമെന്ന് കരുതിയിരിക്കെ എക്സ്ട്രാ ടൈമില്‍ സമനില ഗോളെത്തി. ഇക്കുറിയും ഗോളിലേക്ക് നയിച്ചത് കോര്‍ണര്‍കിക്ക്. ക്വാഡ്രാഡോ ഉയര്‍ത്തിവിട്ട പന്തില്‍ തലവച്ച യെറി മിനായ്ക്ക് പിഴച്ചില്ല. പന്ത് വലയില്‍. വിജയമുറപ്പിച്ചുനിന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗോള്‍. ഇതോടെ മല്‍സരം എക്സ്ട്രാ ടൈമിലേക്ക്.

അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങേണ്ടി വന്നതിന്റെ പകപ്പോടെയായിരുന്നു എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന്റെ കളി. എന്നാല്‍, സാവധാനം സമനില വീണ്ടെടുത്ത അവര്‍ വിജയഗോളിനായി തകര്‍ത്തുകളിച്ചു. എന്നാല്‍ കൊളംബിയന്‍ പ്രതിരോധം ഉറച്ചുനിന്നതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക്.

ഇതിനു മുന്‍പ് ലോകകപ്പില്‍ ഷൂട്ടൗട്ട് നേരിടേണ്ടി വന്നപ്പോഴെല്ലാം തോറ്റുപുറത്തായിട്ടുണ്ടെന്ന ചരിത്രമായിരുന്നു ഇംഗ്ലണ്ടിന് പ്രധാന വെല്ലുവിളി. മൂന്നാം കിക്ക് പാഴാക്കിയ ഹെന്‍ഡേഴ്സന്‍ ആരാധകരുടെ ആധി കൂട്ടുകയും ചെയ്തു. എന്നാല്‍ കൊളംബിയയ്ക്കായി മൂന്നാം കിക്കെടുത്ത ഉറീബേയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതോടെ ഇംഗ്ലണ്ട് ആശ്വാസംകൊണ്ടു. കൊളംബിയയുടെ നാലാം കിക്കെടുത്ത കാര്‍ലോസ് ബാക്കയുടെ കിക്ക് ഗോള്‍കീപ്പര്‍ തടഞ്ഞതോടെ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ചാല്‍ ഇംഗ്ലണ്ടിന് ക്വാര്‍ട്ടര്‍. കിക്കെടുത്ത ഡയര്‍ സമ്മര്‍ദ്ദമേതുമില്ലാതെ പന്തു വലയിലാക്കി. ഷൂട്ടൗട്ടില്‍ 4-3 ജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7