സുനന്ദ പുഷ്‌കര്‍ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട ശശി തരൂര്‍ എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പാട്യാല ഹൈക്കോടതിയിലാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. സംഭവത്തില്‍ നാളെ രാവിലെ വാദം കേള്‍ക്കാമെന്നാണ് ശശി തരൂരിനോട് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് കേസ് വാദം കേള്‍ക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

പക്ഷെ പ്രതിസ്ഥാനത്തുളള ആരെയും വിചാരണ തടവിനായി അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം നിഷേധിക്കാനാവില്ലെന്നാണ് തരൂരിന്റെ അഭിഭാഷകന്‍ എഎന്‍ഐയോട് പറഞ്ഞത്. കേസില്‍ ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാന്‍ ശശി തരൂരിന് പാട്യാല ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അറസ്റ്റൊഴിവാക്കാനുളള ശ്രമമാണ് ശശി തരൂര്‍ നടത്തുന്നത്.

വിഷാദ രോഗത്തിനുളള ഗുളികകള്‍ അധികമായി കഴിച്ചാണ് സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അതേസമയം തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണ സംംഘത്തിന്റെ കണ്ടെത്തലുകളെ തളളിയ തരൂര്‍, തന്നെ പ്രതിചേര്‍ത്തതിന് പിന്നില്‍ യാതൊരു അടിസ്ഥാനവും ഇല്ലെന്നും പറഞ്ഞിരുന്നു.

ദക്ഷിണ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ 2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7