ബംഗളൂരു: ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അവസാന ദിവസം കുതിരപ്പുറത്തേറി വന്ന യുവാവിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബംഗളൂരിലെ പ്രധാന റോഡിലൂടെ വസ്ത്രങ്ങള്‍ ഇന്‍ ചെയ്ത്, ഒരു ലാപ്ടോപ് ബാഗ് തോളിലേറ്റി വെള്ളക്കുതിരപ്പുറത്ത് ഒരു ചെറുപ്പക്കാരന്‍ സഞ്ചരിക്കുന്നത് കണ്ട ഏവരും അത്ഭുതപ്പെട്ടു.
എട്ട് വര്‍ഷത്തോളമായി ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് രൂപേഷ് കുമാര്‍. തന്റെ അവസാന ജോലിദിനത്തില്‍ നഗരത്തിലെ ഗതാഗത കുരുക്കിനെതിരെ ബോധവത്കരണം നടത്താന്‍ രൂപേഷ് കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗമായിരുന്നു ഇത്. സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് രൂപേഷ് ജോലി വിട്ടത്.
ഓഫീസ് പരിസരത്തുവച്ച് കുതിരയെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞു. എന്നാല്‍ യാത്രാ വാഹനമാണിതെന്ന് ചൂണ്ടിക്കാട്ടി പാര്‍ക്കിങ്ങിലേക്ക് പ്രവേശിക്കുകയായിരുന്നു. വര്‍ഷങ്ങളായി താന്‍ നഗരത്തിലെ അന്തരീക്ഷ മലിനീകരണവും, ഗതാഗത സ്തംഭനവും അനുഭവിച്ചുകൊണ്ട് യാത്ര ചെയ്യുന്നു. പലപ്പോഴും 30-40 മിനിട്ട് വരെ റോഡില്‍ കുടുങ്ങാറുണ്ട്. ഇതിനെതിരെ ഒരു ബോധവത്കരണം എന്ന നിലയിലാണ് താന്‍ കുതിരപ്പുറത്തേറി വന്നതെന്ന് രൂപേഷ് പറഞ്ഞു.