ന്യൂഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടെപ്പം താമസിച്ചിരുന്ന ദീപാംശു എന്ന 23ക്കാരനെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ഇരുപത് വയസ്സുള്ള വിശാല്‍ ത്യാഗി ഞായറാഴ്ച മദ്യപിക്കുകയും പിന്നീടുണ്ടായ വാക്ക് തര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും അവസാനിക്കുകയുമായിരുന്നു. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു. വിശാല്‍ ത്യാഗി ഗാസിയാബാദിലെ ഡോക്ടറുടെ മകനും ഈ വര്‍ഷത്തെ നിറ്റ പരീക്ഷ വിജയിച്ചയാളുമാണ്.
ഉത്തരാഖണ്ഡിലായിരുന്ന മനോജ് പിള്ള അടുത്ത കാലത്താണ് ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത്. ഇവര്‍ നാലുപേരും അഞ്ച് മാസമായി ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു. ഞായറാഴ്ച വഴക്കിനെത്തുടര്‍ന്ന് വിശാലും പൗരുഷും കൂടി ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് നിഗമനം.
പിന്നീട് ദീപാംശുവിന്റെ ശരീരം കഷ്ണങ്ങളാക്കി സ്യൂട്ട്കേസില്‍ നിറച്ച് യമുനാ നദിയില്‍ ഒഴുക്കാനായി കൊണ്ടുപോകുകയായിരുന്നു. മറ്റൊരു സുഹൃത്ത് ലാഖോയുടെ കാര്‍ ഇതിനു വേണ്ടി ചോദിച്ചുവെങ്കിലും കിട്ടിയില്ല. പിന്നീട് ഒട്ടോറിക്ഷയില്‍ സ്യൂട്ട് കേസുമായി പോകവേ രക്തത്തുള്ളികള്‍ ഇറ്റു വീഴുന്നതു കണ്ടാണു പൊലീസ് ഇവരെ പിടികൂടിയത്.