തൃശൂര്‍: അറ്റ്‌ലസ് ജുവലറി ഗ്രൂപ്പ് ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രനിത് രണ്ടാം ജന്മമാണ്. പ്രമുഖ വ്യവസായിയും യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ ഉടമയുമായ ബി.ആര്‍. ഷെട്ടി ഗള്‍ഫിലെ അറ്റ്‌ലസിന്റെ ആശുപത്രികള്‍ ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിച്ചത്. അതുകൊണ്ടുതന്നെ ഷെട്ടിയോടാണ് രാമചന്ദ്രന്‍ കടപ്പെട്ടിരിക്കുന്നത്.
രാമചന്ദ്രന്റെ മോചനത്തിനായി ആരും ഇടപെടാതെ വന്നതോടെയുള്ള ഭാര്യ ഇന്ദിര യു.എ.ഇയിലെ പ്രമുഖ മാധ്യമത്തോടു ദുരവസ്ഥ വിവരിച്ചതു കണ്ടാണ് ഷെട്ടി ഇടപെട്ടത്. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ ഏറ്റെടുക്കാമെന്ന് ഷെട്ടി സമ്മതിച്ചതോടെ പ്രതീക്ഷയായി. ഇതിനിടെ സിനിമാ നിര്‍മാണ രംഗത്ത് സജീവമായ ഷെട്ടി 1000 കോടി രൂപ മുതല്‍മുടക്കില്‍ മലയാളത്തില്‍ ‘രണ്ടാമൂഴം’ എന്ന സിനിമയുടെ നിര്‍മാണമേറ്റു.
അതോടെ അറ്റ്‌ലസിന്റെ ആശുപത്രികള്‍ ഏറ്റെടുക്കുന്നതില്‍നിന്നു പിന്മാറുമെന്ന് അഭ്യൂഹങ്ങളായി. എന്നാല്‍ ഷെട്ടി വാക്കില്‍ ഉറച്ചുനിന്നു. ഒട്ടേറെ ആശുപത്രികളുടെ ഉടമയായ ഷെട്ടിക്ക് അറ്റ്‌ലസ് ആശുപത്രികള്‍ ഭാരമാകില്ലെന്ന തിരിച്ചറിവും രാമചന്ദ്രന്റെ മോചനത്തിനു വേഗം കൂടി. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എന്‍.എം.സി. ഹെല്‍ത്ത് കെയര്‍, പ്രമുഖ പണവിനിമയ സ്ഥാപനമായ യു.എ.ഇ. എക്‌സ്‌ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ അമരക്കാരനായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലാണ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സഹായിച്ചത്. ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍, രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടുമെന്ന് ഉറപ്പുനല്‍കാന്‍ വരെ തയാറായി.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും സുരേഷ് ഗോപി എം.പിയുമൊക്കെയാണു രാമചന്ദ്രന്റെ ദുരവസ്ഥ സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബി.ജെ.പി. പ്രവാസി സെല്ലും സുഷമയുടെ ഇടപെല്‍ അഭ്യര്‍ഥിച്ചു.
ആദ്യഘട്ടത്തില്‍ ചില വ്യവസായ ഗ്രൂപ്പുകളുടെ സമ്മര്‍ദം മൂലം ഇടപെടാന്‍ മടിച്ച സുഷമാ സ്വരാജ്, ദുബായ് ഭരണകൂടവുമായി ബന്ധപ്പെട്ട് രാമചന്ദ്രനു മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രാമചന്ദ്രന്റെ ബിസിനസുകള്‍ നേരായ വഴിയിലാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. സുഷമ ദുബായ് സര്‍ക്കാരിനു കത്തയച്ചു. ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ബാങ്കുകളുമായി സംഭാഷണം നടത്തി ഒത്തുതീര്‍പ്പുകളിലേക്കു വഴിതുറന്നത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവും ദുബായില്‍ ചെന്ന് പ്രശ്‌നത്തില്‍ ഇടപെട്ട് കടമ്പകള്‍ മറികടന്നു.