ബിജെപി സംസ്ഥാന അധ്യക്ഷന്‍: സുരേന്ദ്രന്റെ സാധ്യത മങ്ങുന്നു

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കല്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. ഇപ്പോള്‍ സാധ്യത നല്‍കിയിരുന്ന കെ.സുരേന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ സുരേന്ദ്രന്‍ അധ്യക്ഷനാകാനുള്ള സാധ്യത മങ്ങുകയാണ്.
സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയാല്‍ അംഗീകരിക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ സംസ്ഥാന ആര്‍എസ്എസ് നേതൃത്വം അറിയിച്ചുകഴിഞ്ഞു. പുറത്തേക്ക് എല്ലാവരും ഒറ്റക്കെട്ടാണെന്ന് തോന്നിക്കുമെങ്കിലും സംസ്ഥാന ബിജെപിയിലെ ഭിന്നതകള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നു.

കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാനുളള സമവായ രൂപീകരണത്തിനെത്തിയ ദേശീയ നേതാക്കള്‍ക്കു ഇത് നേരിട്ട് ബോധ്യമാവുകയും ചെയ്തു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരുമടക്കമുളള നേതൃനിരയില്‍ ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് വിമുഖത അറിയിച്ചു. ഇതിനു പിന്നാലെയാണ് ആര്‍എസ്എസും അതൃപ്തി നേരിട്ടറിയിച്ചത്. എളമക്കരയിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ നളിന്‍കുമാര്‍ കട്ടീല്‍ എംപിയോടാണ് ഇക്കാര്യം ആര്‍എസ്എസ് നേതാക്കള്‍ പങ്കുവച്ചത്. എന്നാല്‍ സുരേന്ദ്രനു പകരം മറ്റു പേരുകളൊന്നും ആര്‍എസ്എസ് മുന്നോട്ടു വച്ചിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.

മൂന്നു പേരൊഴികെ പാര്‍ട്ടിയിലെ ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും സുരേന്ദ്രനോടുളള എതിര്‍പ്പറിയിച്ചതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇനി നിര്‍ണായകമാകും.
എന്നാല്‍ അമിത് ഷാ ആര്‍എസ്എസിനെ അനുനയിപ്പിച്ച് സുരേന്ദ്രനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. മറുഭാഗത്ത് പി.കെ. കൃഷ്ണദാസ് പക്ഷവും ആശയക്കുഴപ്പത്തിലാണ്. എം.ടി. രമേശിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രമേശിനെതിരെ മുരളീധരന്‍ ഗ്രൂപ്പ് ഉയര്‍ത്തുന്നുണ്ട്.

മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ.എന്‍. രാധാകൃഷ്ണന്റെ പേര് സമവായ സ്ഥാനാര്‍ഥിയായി ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ദേശീയ നേതൃത്വം ഇതംഗീകരിക്കുമോ എന്ന ചോദ്യവും ബാക്കിയാകുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനം രാജശേഖരന്‍ വന്നതു പോലെ ആര്‍എസ്എസ് നേതൃനിരയില്‍ നിന്നുളള ഒരു പുതുമുഖം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കാനുളള സാധ്യത അവശേഷിക്കുന്നതും. ഇതിനിടെ ശോഭ സുരേന്ദ്രന്റെയും പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7