തിരുവനന്തപുരം: തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി. പൊലീസിന്റേത് പ്രതികാര നടപടിയാണ് എന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അറസ്റ്റ് നിയമപരമാണോയെന്ന് അന്വേഷിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ച പശ്ചാത്തലത്തില്‍ ഡിജിപി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി.
അതേസമയം കേസെടുക്കാന്‍ കാലതാമസം വരുത്തിയ ചങ്ങരംകുളം എസ്ഐ കെ.ജി. ബേബിയെ അറസ്റ്റ് ചെയ്യുമെന്ന് എസ്പി പ്രതീഷ്. സംഭവം അറിയിക്കാന്‍ വൈകിയതിന് പിന്നാലെ തീയേറ്റര്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് എസ്ഐയെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി അഭിപ്രായപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന സസ്പെന്‍ഷനിലായ ചങ്ങരംകുളം എസ് ഐ കെ ജി ബേബിക്കെതിരെ പോക്സോ വകുപ്പ്ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ തിയേറ്ററിനുള്ളില്‍ വച്ചു പീഡനത്തിരയാക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം ഏപ്രില്‍ 26ന് പരാതി കിട്ടിയിട്ടും എസ് ഐ കേസെടുത്തിരുന്നില്ല. പീഡന വിവരം അറിഞ്ഞിട്ടും യഥാസമയം നിയമനടപടികള്‍ സ്വീകരിക്കാതിരുന്നതിനാണ് കേസ്.
എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ അമ്മയുടെ സാന്നിധ്യത്തില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തീയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്. പൊലീസ് നടപടി പ്രാകൃതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് നടപടിയെന്നും ചെന്നിത്തല പറഞ്ഞു.
തിയേറ്റര്‍ ഉടമയെ വിമര്‍ശിച്ച് വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. പൊലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്ന് ജോസഫൈന്‍ പ്രതികരിച്ചു. പൊലീസ് ഉടമ ശരിയായാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് കള്ളക്കേസെടുത്തുവെന്നും അവര്‍ പറഞ്ഞു.
പൊലീസ് നടപടി തെറ്റെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ പ്രതികരിച്ചു. പൊലീസ് നടപടിയില്‍ ലജ്ജ തോന്നുന്നു. പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവെയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന സന്ദേശമാണ് ഇത് നല്‍കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.പൊലീസ് നടപടിക്കെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമയ്ക്കു ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. സ്റ്റേഷന്‍ ജാമ്യത്തിലാണ് തീയറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്.