മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രമേഷ് പിഷാരടി. അഭിനയം മാത്രമല്ല സംവിധായകന്റെ കുപ്പായവും തനിക്ക് ചേരുമെന്ന് മനസിലാക്കി തന്നിരിക്കുകയാണ് ഇപ്പോള്‍ പിഷാരടി. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന ദു:ഖങ്ങളുടേയും അപമാനങ്ങളുടേയും അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
പിഷാരടിയുടെ വാക്കുകള്‍:
ഞാന്‍ പെട്ടെന്ന് കരയുന്നയാളാണ്. കാണാന്‍ പോയ പരിപാടി കണ്ടാല്‍ തന്നെ സങ്കടം വരും. സിനിമയിലെ ദു:ഖകരമായ സീന്‍ കണ്ടാല്‍ വിഷമം വരും. അത് മറ്റൊരാളോട് പറയുമ്പോഴും അതേ വിഷമം ഉണ്ടാകും. പത്ത് വര്‍ഷത്തിന് മുന്‍പ് ആലപ്പുഴയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയി. ഒരു ഹൗസ്ബോട്ടിലായിരുന്നു പരിപാടി. ഡോക്ടര്‍മാരും കുടുംബവും ചേര്‍ന്ന ഗെറ്റുഗദര്‍ പരിപാടിയായിരുന്നു.
ഇടയ്ക്കായിരുന്നു എന്റെ പരിപാടി. പക്ഷേ ബോട്ട് രാവിലെ ഒന്‍പത് മണിക്ക് എടുക്കുന്നതുകൊണ്ട് അപ്പോള്‍ തന്നെ കയറേണ്ടി വന്നു. ഞാന്‍ ബോട്ട് ഓടിക്കുന്ന ആളിന്റെ കൂടെ പോയിരുന്നു. ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിച്ചിട്ടും എന്നെ പരിപാടി അവതരിപ്പിക്കാന്‍ വിളിക്കുന്നില്ല. ഞാന്‍ വേറൊരാളോട് പറഞ്ഞു’ ഒരു പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ഞാന്‍ വന്നത്’ എന്ന്.
എന്നെ വിളിച്ചയാള്‍ അടിച്ച് ഫിറ്റായി ഒരു ചെയറില്‍ ചുരുണ്ടുകൂടി കിടക്കുകയാണ്. ദേഹത്തൊക്കെ മീന്‍കറി വീണ് നല്ല ഉറക്കം. ഞാന്‍ പരിപാടിക്ക് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എന്റെ കൈപിടിച്ച് എല്ലാവരുടെയും മുന്നില്‍ നിര്‍ത്തി. ഇയാള്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുകയാണ്. എല്ലാവരും ഇരിക്കൂ എന്ന് പറഞ്ഞു. മൈക്കിന് പകരം വാട്ടര്‍ബോട്ടിലാണ് തന്നത്. പിന്നീട് ബോട്ടില്‍ പാട്ടുവയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന ചെറിയ മൈക്ക് തന്നു. വലിയ സൗണ്ട് ഒന്നും അതിനുണ്ടായിരുന്നില്ല.
ഞാന്‍ പരിപാടി അവതരിപ്പിച്ചു. ആദ്യത്തെ ഐറ്റം കഴിഞ്ഞപ്പോള്‍ തന്നെ ഒരു സ്ത്രീ പറഞ്ഞു’ ഓ… വളരെ ബോറാണ്, നമുക്ക് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കാം. ഈ പരിപാടിക്ക് വേണ്ടി നമ്മുടെ സമയം വെറുതെ കളയണ്ട’ എന്ന്.
എനിക്ക് സങ്കടമായി. ഞാന്‍ ബോട്ട് ഓടിക്കുന്നയാളുടെ അടുത്ത് പോയിരുന്നു. ബോട്ടായത് കൊണ്ട് ഓടിരക്ഷപ്പെടാനും വയ്യ. കരച്ചില്‍ വന്നു. ബോട്ടുകാരനാണ് ചോറുണ്ടോ എന്ന് ചോദിച്ചത്. അയാളുടെ പക്കല്‍ ചോറുണ്ടായിരുന്നു. കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. കാശും ചോദിക്കാന്‍ പറ്റിയില്ല. പരിപാടി മുഴുവനാക്കിയില്ലല്ലോ… അവസാനം ആലപ്പുഴ കൈനഗിരി ഭാഗത്തുള്ള ഷാപ്പില്‍ ഇവര്‍ക്ക് വേണ്ടി ബോട്ട് നിര്‍ത്തിയപ്പോള്‍ ഞാന്‍ തോട്ടത്തിലൂടെ ഓടിരക്ഷപ്പെട്ടു. വൈകുന്നേരം വീടെത്തി. അതിനുശേഷം അവരെന്നെ വിളിച്ചിട്ടില്ല. മീന്‍ കഴിച്ച് ഫിറ്റായ ആളെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. പേരുപറയുന്നില്ല…