കൊച്ചി:കെവിന്റെ മൃഗീയമായ കൊലപാതകത്തില്‍ ആദ്യപ്രതികരണം മുതല്‍ വിവാദത്തിലായ മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകൊത്തി പഴയ പോസ്റ്റ്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ അതിദാരുണമായ കൊലപാതകത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ 2016ല്‍ ഷെയര്‍ ചെയ്ത കുറിപ്പാണ് ഇപ്പോള്‍ പിണറായിക്ക് തിരിച്ചടിക്കുന്നത്. കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായി ഈ കുറിപ്പ് ചര്‍ച്ചയാകുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചാണ് പോസ്റ്റ്.
പിണറായിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സര്‍ക്കാരിന്റെ ദുര്‍നടപ്പും കെടുകാര്യസ്ഥതയും മാധ്യമ പ്രവര്‍ത്തകരെ തല്ലിയൊതുക്കി മറച്ചു പിടിക്കാം എന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹം മാത്രമാണ്.
പെരുമ്പാവൂരില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും പോലീസ് നോക്കി നില്‍ക്കെയുമാണ് മാധ്യമ പ്രവര്ത്തകരെ യൂത്ത് കൊണ്ഗ്രസ്സുകാര്‍ കയ്യേറ്റം ചെയ്തത് വളരെ ഗൗരവമുള്ള വിവരങ്ങളാണ് അവിടെ നിന്ന് ലഭിക്കുന്നത്.
ജിഷയുടെ അമ്മ ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സാധാരണയില്‍ കവിഞ്ഞ പോലീസ് സന്നാഹത്തോടെയാണ്. . ഒപ്പം യൂത്ത് കോണ്‍ഗ്രസുകാര്‍ വേറെയും. ജിഷയുടെ മാതാവിന്റെ ചോദ്യങ്ങള്‍ക്ക് പുറത്തേക്കു വന്ന മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടര്‍ക്കുനേരെ യൂത്ത് കൊണ്ഗ്രസുകാര്‍ ചാടി വീണു .ദ്യശ്യമാദ്ധ്യമപ്രവര്‍ത്തകരുടെ മൈക്കും ക്യാമറയും പിടിച്ചുവാങ്ങാനും സ്ഥലത്തുനിന്നും തള്ളിമാറാറാനും നീക്കം നടന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയത് പി ജി വിദ്യാര്‍ത്ഥിനിയാണെന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് ചോദ്യമുയര്‍ന്ന ഉടനെയായിരുന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാദ്ധ്യപ്രവര്‍കര്‍ക്കുനേരെ ചാടി വീണത്. മറ്റു മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു.പലരെയും തള്ളി നിലത്തിട്ടു തല്ലി.
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിക്കുന്നത്. അതിനു ഉമ്മന്‍ചാണ്ടി നേരിട്ട് കാര്മ്മികത്വം വഹിക്കുകയാണ്.
പോലീസ് സംവിധാനം മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കാന്‍ മാത്രമുള്ളതല്ല. പൌരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനുള്ളതാണ്. ഭരണ കക്ഷിക്കാര്‍ മാധ്യമ പ്രവര്ത്തകരെ ആക്രമിക്കുമ്പോള്‍ തടയാന്‍ ബാധ്യതപ്പെട്ട പോലീസുകാര്‍ അതിനു തയാറാകാതിരുന്നത്, മുഖ്യമന്ത്രിയുടെ ഇംഗിതം അതാണ് എന്നത് കൊണ്ടാണ്.
അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങളില്‍ നിന്ന് സത്യം മൂടിവെക്കാന്‍ കഴിയാത്തതിന്റെ നൈരാശ്യമാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു നിശബ്ദരാക്കാം എന്ന ചിന്തയിലേക്കു നയിക്കുന്നത്. അതുകൊണ്ട് രക്ഷപ്പെടാം എന്ന് ഉമ്മന്‍ചാണ്ടി കരുതരുത്.