മുംബൈ: ഐപിഎല്‍ ഫൈനലില്‍ ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 179 റണ്‍സ് വിജയലക്ഷ്യം. കലാശപോരാട്ടത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ എം.എസ്.ധോണി ഹൈദരാബാദിനെ ബാറ്റിങ്ങനയക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശ്രീവാസ്തവ് ഗോസ്വാമിയെ റണ്ണൗട്ടിലൂടെ നഷ്ടമായ ഹൈദരാബാദിനെ യൂസഫ് പഠാന്റെയും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും തകര്‍പ്പന്‍ ബാറ്റിങിന്റെ മികവിലാണ് 178 ലെത്തിച്ചത്.
രണ്ടു ഫോറുകളും അഞ്ച് സിസ്‌കറുകളുമായി 36 പന്തില്‍ നിന്ന് വില്യംസണ്‍ 41 റണ്ണെടുത്തപ്പോള്‍ പുറത്താകാതെ യൂസഫ് പഠാന്‍ 25 പന്തില്‍ നിന്ന് 45 റണ്ണെടുത്തു. രണ്ട് സിക്‌സറുകളും നാലു ഫോറുകളുമടങ്ങിയതാണ് പഠാന്റെ ഇന്നിങ്‌സ്. 11 പന്തില്‍ 21 റണ്ണെടുത്ത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കാര്‍ലോസ് ബ്രാതൈ്വറ്റ് അവസാന പന്തില്‍ ഷര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ പുറത്തായി.
അഞ്ചു റണ്ണെടുത്താണ് ഗോസ്വാമി റണ്ണൗട്ടായത്. 26 റണ്ണെടുത്ത ശിഖര്‍ ധവാന്റെ സ്റ്റംപ് രവീന്ദ്ര ജഡേജ തെറിപ്പിക്കുകയായിരുന്നു. 47 റണ്ണെടുത്ത് നില്‍ക്കെ വില്ല്യംസണെ കരണ്‍ ശര്‍മ്മയാണ് മടക്കി അയച്ചത്. തുടര്‍ന്നിറങ്ങിയ ഷാക്കിബുള്‍ ഹസ്സനെ 23 റണ്ണെടുത്ത് നില്‍ക്കെ ബ്രാവോ റെയ്‌നയുടെ കൈയിലും മൂന്ന് റണ്ണെടുത്ത ദീപക് ഹൂഡയെ ഷോറിയുടെ കൈയില്‍ ലുംഗി ന്ഗിതിയും എത്തിച്ചു.
രണ്ടു സീസിണിലെ വിലക്കിനു ശേഷം തിരിച്ചുവന്ന ചെന്നൈയ്ക്ക് ആധിപത്യം തെളിയിക്കാന്‍ ജയം കൂടിയേ തീരൂ. മൂന്നാം കിരീടമാണ് അവര്‍ തേടുന്നത്. ഇന്നു ജയിച്ചാല്‍ മൂന്ന് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തും അവര്‍. സണ്‍റൈസേഴ്‌സ് തേടുന്നത് രണ്ടാം കിരീടമാണ്. 2016ലായിരുന്നു അവര്‍ ജേതാക്കളായത്. എന്നാല്‍, കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.