കനത്ത കാറ്റ്; നെടുമ്പാശേരിയില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; വിമാനത്തില്‍ 200 യാത്രക്കാര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കാറ്റിന്റെ ശക്തിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് കൂടുതലായി മുന്നോട്ട് നീങ്ങി. ശ്രീലങ്കന്‍ എയര്‍വെയ്‌സാണ് ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി മുന്നോട്ട് നീങ്ങിയത്. പൈലറ്റ് സമയോചിതമായി ഇടപെട്ടതിനാല്‍ വിമാനം തെന്നിമാറിയില്ല. വിമാനത്തില്‍ 200ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു.

റണ്‍വേയുടെ മധ്യഭാഗത്തു നിന്നും മാറി ഓടിയ വിമാനം പൈലറ്റ് പെട്ടെന്നു നേരെയാക്കിയതിനാല്‍ അപകടമുണ്ടായില്ല. വിമാനത്തിലെ യാത്രക്കാര്‍ പോലും അറിയാതെ വിമാനം പാര്‍ക്കിങ് ബേയിലെത്തിച്ചു.

ഞായറാഴ്ച വൈകിട്ടു നാലോടെയാണു വിമാനം കൊളംബോയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയത്. ഇറങ്ങുന്ന സമയത്തു ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ പൈലറ്റ് അതീവ ജാഗ്രതയിലുമായിരുന്നു. ഇറങ്ങിക്കൊണ്ടിരിക്കെ ശക്തമായ കാറ്റ് വിമാനത്തിനെ റണ്‍വേയുടെ മധ്യരേഖയില്‍ നിന്നും അല്‍പം മാറ്റിക്കൊണ്ടു പോയി. വിമാനത്തിന്റെ പിന്‍ഭാഗത്തെ ഒരു വീല്‍ റണ്‍വേയ്ക്കരികിലെ ചെളിയില്‍ പുതയുന്നതിനു മുന്‍പായി വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും പൈലറ്റിനു ലഭിച്ചതോടെ വിമാനം സുരക്ഷിതമായി ഓടിച്ച് പാര്‍ക്കിങ് ബേയിലെത്തിച്ചു.

ഇരുനൂറൂളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല. വിമാനത്തിനു കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലും ചെളിയും മറ്റും കഴുകിക്കളയേണ്ടതിനാലും വിമാനം വൈകിയേ തിരികെ കൊളംബോയിലേക്ക് പുറപ്പെടൂ.

Similar Articles

Comments

Advertismentspot_img

Most Popular