ശമ്പളം വേണോ.. സ്വന്തം വീട്ടിലെ ടോയ്‌ലറ്റില്‍ ഇരിക്കുന്ന ചിത്രം വേണം!!! യു.പിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര ഉത്തരവ്

ലക്നൗ: വിചിത്ര ഉത്തരവുമായി യു.പിയിലെ സീതാപ്പൂര്‍ ജില്ലാ കളക്ടര്‍. സ്വന്തം വീടുകളിലെ ടോയ്ലറ്റില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഹാജരാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ശമ്പളം നല്‍കൂവെന്നാണ് കളക്ടറുടെ വിവാദ ഉത്തരവ്.

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനത്തില്‍ നിന്ന് ജില്ലയെ പൂര്‍ണമായി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് പുതിയ നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ വീടുകളിലെ ശൗചാലയത്തിനു മുന്നില്‍ നിന്ന് എടുത്ത ചിത്രം ഹാജരാക്കണം. കൂടാതെ കക്കൂസ് നിര്‍മ്മിച്ചതായി വ്യക്തമാക്കുന്ന രേഖയും നല്‍കണം. മെയ് 27 നു മുമ്പായി ഇവ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് ഉത്തരവ്.

ഉത്തരവ് പാലിക്കാതിരിക്കുകയോ ശൗചാലയം നിര്‍മ്മിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്നവരുടെ മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തരവിനെ തുടര്‍ന്ന് അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശൗചാലയത്തില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. സീതാപൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ ഭഗവതി പ്രസാദ് എന്നയാള്‍ സമര്‍പ്പിച്ചതെന്നു കരുതുന്ന രേഖ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular