കര്‍ണാടകയില്‍ കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും; വിധാന്‍ സൗധയ്ക്ക് ചുറ്റും കനത്ത സുരക്ഷ

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ കുമാരസ്വാമി സര്‍ക്കാരിനുള്ളത്. സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്നുതന്നെ നടക്കും.

എന്നാല്‍ ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പ സര്‍ക്കാര്‍ സഭയിലെത്തിയപ്പോളുളള ആകാംക്ഷ ഇന്നില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. 104 അംഗങ്ങളുളള ബിജെപി തത്കാലം എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നസ്വരങ്ങളും പ്രകടമല്ല. അതുകൊണ്ടെല്ലാം വിശ്വാസം തേടുക എളുപ്പമായേക്കും കുമാരസ്വാമിക്ക്.

ഞങ്ങളുടെ എംഎല്‍എമാര്‍ വാങ്ങാനും വില്‍ക്കാനുമുളളവരല്ല. ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാരിനെ നയിക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ തെളിയിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് കെ.ആര്‍. രമേഷ് കുമാറും ബിജെപിയില്‍ നിന്ന് സുരേഷ് കുമാറും മത്സരിക്കുന്നുണ്ട്. പുതിയ സ്പീക്കറാവും വിശ്വാസവോട്ടെടുപ്പ് നടത്തുക. എംഎല്‍എമാര്‍ ബംഗളൂരുവിലെ ഹോട്ടലുകളിലാണുളളത്. ബസുകളില്‍ തന്നെ ഇവരെ ഇന്നും വിധാന്‍ സൗധയിലെത്തിക്കും. കനത്ത സുരക്ഷയാണ് വിധാന്‍ സൗധക്ക് ചുറ്റും. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

എന്നാല്‍ വിശ്വാസവോട്ട് നേടിയാലും കാര്യങ്ങള്‍ എളുപ്പമാവില്ല കുമാരസ്വാമിക്ക്. എംഎല്‍എമാര്‍ രാജിവച്ചാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാം. അതാവും ബിജെപിയുടെ അടുത്ത നീക്കം. വിശ്വാസവോട്ട് നേടിയ ശേഷമാവും കോണ്‍ഗ്രസും ജെഡിഎസും മന്ത്രിമാരെ തീരുമാനിക്കുന്നതിലേക്ക് കടക്കുക. വകുപ്പ് വിഭജനമാവും കീറാമുട്ടി. പ്രധാനവകുപ്പുകളില്‍ വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് തയ്യാറാവുമെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7