പശുവിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ച ‘പയ്ക്കുട്ടി’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ബോര്‍ഡ് നടപടിക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികാര നടപടിയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
പയ്ക്കുട്ടിയെന്ന സിനിമയിലെ കേന്ദ്രകഥാപാത്രം പശുവാണ്. ഈ സിനിമയുടെ സെന്‍സറിംഗ് വേളയില്‍ പശു ഉള്‍പ്പെടുന്ന എല്ലാ സീനും വെട്ടിക്കളയാന്‍ ബോര്‍ഡ് നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് 24 ഷോട്ടുകള്‍ വെട്ടിക്കളഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എന്നിട്ട് വീണ്ടും സിനിമ സെന്‍സര്‍ ചെയ്യാനായി നല്‍കിയപ്പോള്‍ എ സര്‍ട്ടിഫിക്കറ്റാണ് ബോര്‍ഡ് നല്‍കിയത്. തുടര്‍ന്ന് കാര്യം തിരക്കിയപ്പോള്‍ പശുവാണെന്നുള്ള മറുപടിയാണ് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സിനിമയില്‍ ഒരു വിധത്തിലുമുള്ള അശ്ലീല രംഗവുമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കുവൈറ്റില്‍ യു സര്‍ട്ടിഫിക്കറ്റാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. നന്ദു വരവൂറാണ് സിനിമ സംവിധാനം ചെയ്തത്. സുധീഷ് വിജയന്‍ വാഴയൂരാണ് സിനിമയുടെ തിരക്കഥ.
ബധിര യുവാവായ ശംഭുവും നന്ദിനി പശുവും തമ്മിലുള്ള ഹൃദയബന്ധമാണ് സിനിമയുടെ ഇതിവൃത്തം. പ്രദീപ്, മാസ്റ്റര്‍ ചന്ദ്രജ് കൃഷ്ണ, പങ്കന്‍ താമരശ്ശേരി, ഗോപിനാഥ് മാവൂര്‍, ഹരീന്ദ്രനാഥ് ഈയാട്, ബാബു ഒലിപ്രം, ഗിരീഷ് പെരിഞ്ചീരി, ശ്രീജിത്ത് കൈവേലി, സുലോചന നന്മണ്ട, രാധ കാരാട്, ഷൗക്കി, ഷാഫി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.