ഭോപ്പാല്‍: ഗോവധം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശിലെ സത്നയില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ബുധനാഴ്ച രാത്രി കാളയെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് റിയാസ് എന്നയാളെയാണ് തല്ലിക്കൊന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഷക്കീല്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വടിയും കല്ലും ഉപയോഗിച്ച് ഇരുവരേയും മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പവന്‍ സിങ് ഗോണ്ട്, വിജയ് സിങ് ഗോണ്ട്, ഫൂല്‍ സിങ് ഗോണ്ട്, നാരായണ്‍ സിങ് ഗോണ്ട് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി.
കശാപ്പ് നടന്നുവെന്ന് ആരോപിക്കുന്ന സ്ഥലത്ത് നിന്നും കാളയുടേയും മറ്റ് രണ്ട് മൃഗങ്ങളുടേയും മാംസം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മധ്യപ്രദേശില്‍ ഗോവധം നിയമം മൂലം നിരോധിച്ചതാണ്. പിടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാനും 5000 രൂപ പിഴ ഈടാക്കാനും സാധിക്കും.
പ്രതികളില്‍ ഒരാള്‍ പരിക്കേറ്റുകിടക്കുന്ന ഷക്കീലിന് എതിരെ കേസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മധ്യപ്രദേശില്‍ എത്തിയിരിക്കുമ്പോഴാണ് ആക്രമണമുണ്ടായിരിക്കുന്നത്.