ജറുസലേമില്‍ വ്യാപക വെടിവയ്പ്പ്; 41 പേര്‍ കൊല്ലപ്പെട്ടു; 1800 പേര്‍ക്ക് പരുക്ക്

ജറുസലം: ജറുസലമില്‍ യുഎസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 1,800 പേര്‍ക്കു പരുക്കേറ്റു. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കു തുടക്കമായാണ് ജറുസലമില്‍ യുഎസ് എംബസി തുറന്നത്. യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രൈഡ്മാന്‍ എംബസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുഎസില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഇസ്രായേല്‍ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

എംബസി തുറക്കുന്നതിനു മുന്നോടിയായാണ് സംഘര്‍ഷം തുടങ്ങിയത്. യുഎസിന്റെ നീക്കം പലസ്തീനിലും ലോകരാജ്യങ്ങള്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായിരുന്നു. ഗാസയില്‍ ഭരിക്കുന്ന ഹമാസ് ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പേരില്‍ കഴിഞ്ഞ ആറാഴ്ചയായി വന്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു.

എന്നാല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന വേലി ഭേദിക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇസ്രായേലിന്റെ വാദം. ‘കലാപത്തില്‍’ 35,000 പലസ്തീന്‍കാരാണു പങ്കെടുത്തതെന്നും ‘സാധാരണ നടപടിക്രമങ്ങള്‍ക്ക്’ അനുസരിച്ചാണു സൈന്യം പ്രതികരിച്ചതെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular