മഞ്ചേരി: എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് നിര്‍ണായ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയെ പ്രതി ഇതിനുമുമ്പും പീഡനത്തിന് ഇരയാക്കിയിരുന്നതായി സംശയിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുമെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ ഇപ്പോള്‍ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മാതാവിന്റെ അറിവോടുകൂടിയായിരുന്നു പീഡനം നടന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ 16, 17 വകുപ്പുകള്‍ പ്രകാരം കുറ്റവാളിക്ക് ലഭിക്കുന്ന അതേ ശിക്ഷയ്ക്ക് ഇവരും അര്‍ഹയാണ്. പത്തുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കഠിനതടവും പിഴയുമാണ് പ്രതിയ്ക്ക് ലഭിക്കുന്ന ശിക്ഷ.
എം.സി ജോസഫൈന്‍ ഇന്ന് സംഭവം നടന്ന ഏടപ്പാളിലെ തിയ്യേറ്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായ തിയ്യേറ്റര്‍ ഉടമകളെ അവര്‍ അഭിനന്ദിച്ചു. പീഡനത്തിന് ഇരയായ കുട്ടിയേയും മാതാവിനെയും വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇനി നടപടിയെടുക്കേണ്ടത് പൊലീസാണെന്നും പെണ്‍കുട്ടിയുടേയും മാതാവിന്റെയും മൊഴി അവര്‍ രേഖപ്പെടുത്തുമെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.
അതിനിടെ കേസില്‍ അറസ്റ്റിലായ പ്രതി മൊയ്തീനെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും. തീയേറ്ററില്‍ ബാലികയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നേരത്തെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പ്രതിയെ പിടികൂടുകയും കേസെടുക്കുകയോ ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ കേസില്‍ പൊലീസ് നടപടിയുണ്ടായത്.