ന്യൂഡല്‍ഹി: തന്നെ കൊലപ്പെടുത്താന്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി കഴിഞ്ഞെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അതിന് മുന്‍പ് താന്‍ വില്‍പ്പത്രമെഴുതുമെന്നും അതില്‍ തന്റെ അനന്തരവകാശി ആരെന്ന് വ്യക്തമാക്കിയിരിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.
”ഞാന്‍ ഒരു വില്‍പ്പത്രം എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്റെ മരണശേഷം പാര്‍ട്ടിയെ ആര് നയിക്കണമെന്ന് ഞാന്‍ അതില്‍ എഴുതും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഞാന്‍ നടത്തിക്കഴിഞ്ഞു. അഥവാ ഞാന്‍ കൊല്ലപ്പെട്ടാല്‍ എന്റെ ആഗ്രഹപ്രകാരം തന്നെ എല്ലാ കാര്യങ്ങളും നടക്കും. അതുകൊണ്ട് തന്നെ എന്നെ കൊല്ലാന്‍ പദ്ധതിയിടുന്നവരുടെ ലക്ഷ്യങ്ങളൊന്നും നടക്കില്ല. അവര്‍ ആഗ്രഹിക്കുന്നത് നടക്കാനും പോകുന്നില്ല”- മമത ബാനര്‍ജി പറഞ്ഞു. ബംഗാളി ന്യൂസ് ചാനലായ സീ 24 നോട് സംസാരിക്കുകയായിരുന്നു അവര്‍.
എന്നാല്‍ തന്നെ കൊല്ലാനായി പദ്ധതിയിട്ട രാഷ്ട്രീയപാര്‍ട്ടികളുടെ പേരുകള്‍ മമതാ ബാനര്‍ജി വെളിപ്പെടുത്തിയില്ല. ‘ഞാന്‍ ഉദ്ദേശിക്കുന്നത് ആരെയാണെന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകും’ തന്നെ കൊല്ലാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്നായിരുന്നു മമതയുടെ പ്രസ്താവന.
‘അവര്‍ (വാടക കൊലയാളികള്‍) എന്റെ വീടിന് സമീപത്തൂടെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ എനിക്ക് ഭയമില്ല. ഞാനുമായി രാഷ്ട്രീയമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് ഇത് ചെയ്യുന്നത്- മമത പറയുന്നു.
ആദ്യം അവര്‍ നമ്മളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കും. നമ്മുടെ വ്യക്തിത്വം ചോദ്യംചെയ്യും. അതിന് ശേഷം കൊലപ്പെടുത്തും. എന്നിട്ട് മുതലക്കണ്ണീരൊഴുക്കും. എന്റെ ശബ്ദം ഇല്ലാതാക്കാനായി ശ്രമിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. മമത പറയുന്നു. ബി.ജെ.പിയോ കോണ്‍ഗ്രസോ ആണ് മാറിമാറി അധികാരത്തിലെത്തുന്ന രാഷ്ട്രീയപാര്‍ട്ടികളെന്നും എന്നാല്‍ ഇനി അത് നടക്കില്ലെന്നും പ്രാദേശിക പാര്‍ട്ടികളും കരുത്താര്‍ജ്ജിച്ചു കഴിഞ്ഞെന്നും മമത പറയുന്നു.