മദ്യപിക്കുന്നതിനിടെ ഇംഗ്ലീഷ് വ്യകരണത്തെച്ചൊല്ലി തര്‍ക്കം; കാഞ്ഞങ്ങാട് ഓട്ടോ ഡ്രൈവര്‍ യുവാവിനെ തലക്കടിച്ച് കൊന്നു

കാഞ്ഞങ്ങാട്: മദ്യപിക്കുന്നതിനിടെ ഇംഗ്ലീഷ് വ്യാകരണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഓട്ടോ ഡ്രൈവര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആശിഷ് വില്യമാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് കുശാല്‍നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ദിനേശനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. ഹാസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി ഇയ്യാളെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മുന്‍പരിചയമില്ലാത്ത ഇരുവരും ബുധനാഴ്ച ഉച്ചയ്ക്കുശേഷം അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബാറിലെ കൗണ്ടറില്‍നിന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയില്‍ ആശിഷ് വില്യം ഇംഗ്ലീഷില്‍ സംസാരിച്ചുതുടങ്ങി. പറയുന്നത് തെറ്റാണെന്നും വ്യാകരണപ്പിശകുണ്ടെന്നും പറഞ്ഞ് ഓട്ടോഡ്രൈവറായ ദിനേശന്‍ പരിഹസിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കം കനത്തു.

ബാറില്‍ നിന്ന് പുറത്തിറങ്ങിയ ആശിഷ് വില്യം നിര്‍മാണത്തിലിരിക്കുന്ന അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ പടിഞ്ഞാറുഭാഗത്തെത്തിയപ്പോള്‍ അവിടെ ഇരുന്നു. പിന്നാലെയെത്തിയ ദിനേശന്‍ വില്യം ഒറ്റയ്ക്കിരിക്കുന്നത് കണ്ടതോടെ, മരപ്പട്ടികയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന ആണിയടിച്ച വാരികൊണ്ട് തലയുടെ പിറകുഭാഗത്താണ് അടിച്ചത്. അടിയുടെ ആഘാതത്തില്‍ ആശിഷ് വില്യമിന്റെ തല പിളരുകയും പല്ല് അടര്‍ന്നുവീഴുകയും ചെയ്തു.

മാസങ്ങളായി കാലിച്ചാനടുക്കം അട്ടക്കണ്ടത്ത് തോട്ടം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ആശിഷ് വില്യം. ഭാര്യ ഫയല്‍ ചെയ്ത കേസില്‍ വ്യാഴാഴ്ച കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് രാത്രി തീവണ്ടിയില്‍ കോഴിക്കോട്ടേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് സംഭവം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7