പാലക്കാട്: ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മെറ്റല്‍ ഹുക്കുള്ള അടിവസ്ത്രം അഴിച്ച് മാറ്റി പരീക്ഷ ഹാളില്‍ പ്രവേശിക്കേണ്ടി വന്ന വിദ്യാര്‍ഥിനിയാണ് നിരീക്ഷകനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരീക്ഷ നടക്കുന്നതിനിടെ നിരീക്ഷകന്‍ അശ്ലീലകരമായ രീതിയില്‍ തുറിച്ചുനോക്കിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. പരിശോധനയ്ക്കിടെ മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം വിദ്യാര്‍ഥിനിയ്ക്ക് അഴിച്ചു മാറ്റേണ്ടി വന്നിരിന്നു. പാലക്കാട് നഗരത്തിലെ ലയണ്‍സ് സ്‌കൂളിലാണ് സംഭവം.
തെലുങ്കാനയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥനാണ് മോശം രീതിയില്‍ നോക്കിയതെന്നാണ് സൂചന. രാവിലെ പത്തു മണിക്കായിരുന്നു പരീക്ഷ. ഇതിനായി 7.30 മുതല്‍ ആള്‍ക്കാരെ ഹാളില്‍ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. നെഞ്ചിലേക്കുള്ള ഉദ്യോഗസ്ഥന്റെ നോട്ടം അസഹ്യമായപ്പോള്‍ ചോദ്യപേപ്പര്‍ ഉപയോഗിച്ച് ശരീരം മറയ്ക്കേണ്ടി വന്നതായി വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു. കേസെടുത്തതായി ടൗണ്‍ നോര്‍ത്ത് എസ്.ഐ: ആര്‍. രഞ്ജിത്ത് പറഞ്ഞു. പ്രഥമവിവര റിപ്പോര്‍ട്ടില്‍ നിരീക്ഷകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍ ഹാളില്‍ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം.
ഇതേ തുടര്‍ന്ന് മെറ്റല്‍ ഹുക്കുള്ള അടിവസ്ത്രം വിദ്യാര്‍ഥിനിക്ക് പരീക്ഷയ്ക്ക് പ്രവേശിക്കും മുമ്പ് അഴിച്ചു വെയ്ക്കേണ്ടി വന്നു. ധരിച്ചിരുന്ന ഷാള്‍ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമായിരുന്നു പെണ്‍കുട്ടി പരീക്ഷാഹാളിലേക്ക് കയറിയതും. പുരുഷനായ നിരീക്ഷകന്‍ പരീക്ഷ എഴുതുന്ന സമയം തന്റെ മാറിടത്തിലേക്ക് നിരന്തരം തുറിച്ചു നോക്കിയെന്നും അപമാനിക്കപ്പെട്ടെന്നും പരാതയില്‍ പറഞ്ഞിട്ടുള്ളത്. ലൈറ്റ് കളറിലുള്ള വസ്ത്രമായിരുന്നു പെണ്‍കുട്ടി ധരിച്ചിരുന്നത്.
പാലക്കാട് ജില്ലയില്‍ മാത്രം 3,248 പേരാണ് പരീക്ഷ എഴുതിയത്. വസ്ത്രം മാറുന്നതിന് നല്ല മുറികളും സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. അപമാനം സഹിച്ച് പരീക്ഷ എഴുതിയ പെണ്‍കുട്ടിക്ക് സമയപരിമിതി മൂലം വേണ്ടവിധം പ്രതികരിക്കാനുമായില്ല. എന്നാല്‍ പരീക്ഷ കഴിഞ്ഞ് പുറത്തെത്തിയ പെണ്‍കുട്ടി വിവരം സുഹൃത്തുക്കളെയും അധികൃതരെയും അറിയിക്കുകയായിരുന്നു. പരീക്ഷാ മാര്‍ഗ്ഗനിര്‍ദേശം കൃത്യമായി പിന്തുടര്‍ന്നതിനാല്‍ ഷൂസ്, ജീന്‍സ് എന്നിവ ധരിച്ചവര്‍ക്ക് അവ ഒഴിവാക്കി വേറെ വസ്ത്രം ധരിക്കേണ്ടി വന്നു. ഉയര്‍ന്ന ഹീലുള്ള ചെരിപ്പുകളും അഴിച്ചു വെയ്ക്കേണ്ടി വന്നു. മൈലാഞ്ചി ഇട്ടു വന്നയാള്‍ക്ക് പരീക്ഷ എഴുതാനേ കഴിഞ്ഞില്ല.