‘പടം കാണാന്‍ തീയേറ്ററില്‍ എത്തി, പടമില്ല! ഇതെന്തൊരാഭാസം’: നടന്‍ പ്രതിഷേധവുമായി

കൊച്ചി: സെന്‍സര്‍ കുരുക്കുകളെ അതിജീവിച്ച് പ്രദര്‍ശനത്തിനെത്തിയ ‘ആഭാസ’ത്തിന് തീയേറ്ററുകളില്‍ അപ്രഖ്യാപിത വിലക്ക്. തീയേറ്ററില്‍ പടം കാണാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് നടന്‍ മണികണ്ഠന്‍ ആചാരി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ‘പടം കാണാന്‍ തീയേറ്ററില്‍ എത്തി, പടമില്ല! ഇതെന്തൊരാഭാസം’ എന്നെഴുതിയെ പ്ലക്കാര്‍ഡുമായാണ് മണികണ്ഠന്‍ സാമൂഹ്യ മാധ്യമങ്ങളിലെത്തിയത്. ‘ആഭാസം സിനിമ കാണാന്‍ ട്രൈ ചെയ്തു. തീയേറ്ററില്‍ ഇല്ലാതെ കാണാന്‍ എന്തു ചെയ്യാന്‍ പറ്റും?’, അദ്ദേഹം ചോദിച്ചു.

ആദ്യഘട്ടത്തില്‍ 50 തീയേറ്ററുകളില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നെങ്കിലും 25 തീയറ്ററുകളില്‍ മാത്രമാണ് പടം റിലീസ് ചെയ്യാന്‍ സാധിച്ചത്. ചിത്രത്തിനെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് സംവിധായകന്‍ ജുബിത് നമ്രാടത്ത് ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി. ‘ഈ സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാല്‍, അവര്‍ക്ക് ഈ സിനിമ തീയേറ്ററില്‍ കാണാന്‍ സാധിക്കുന്നില്ല. സിനിമ കണ്ടവര്‍ക്ക് അത്ര മോശമല്ലാത്ത അഭിപ്രായം തന്നെയാണ് ഉള്ളത്. ആളുകള്‍ ഇഷ്ടപ്പെടുന്ന പടത്തിന് തീയേറ്ററില്‍ ഇടം കിട്ടുന്നില്ല. ഇഷ്ടപ്പെടാത്ത പടത്തിന് തീയേറ്റര്‍ കിട്ടുന്നുമുണ്ട്. ചിത്രത്തിനെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. എന്താണ് നടക്കുന്നതെന്ന സത്യാവസ്ഥ ഒരാഴ്ചകൊണ്ട് അറിയാന്‍ സാധിക്കും. മേയ് പതിനൊന്ന് വരെ കാത്തിരിക്കാനാണ് തീരുമാനം’, അദ്ദേഹം പറഞ്ഞു.

സദാചാരം എന്ന പേരില്‍ സമൂഹം കാട്ടിക്കൂട്ടുന്ന വൃത്തികേടുകളെ കുറിച്ച് സംവദിക്കുന്ന ചിത്രമാണ് ആഭാസം. മലയാളികളുടെ കപട സദാചാര ബോധത്തെ പൊളിച്ചടുക്കുന്ന ചിത്രത്തിന് നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി ലഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular