മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധമില്ല; നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ല. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തിയത്. വിഷയത്തില്‍ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡിനു പകരമായി ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടേഴ്സ് ഐഡി എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയായി നല്‍കിയാല്‍ മതിയാകും. പുതിയ രീതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് അരുണ സുന്ദരരാജന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

2017 ജൂണിലാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഓരോ ഫോണ്‍ ഉപഭോക്താവിന്റേയും പൂര്‍ണവിവരങ്ങള്‍ ടെലികോം കമ്പനികളില്‍ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രാജ്യത്ത് ആധാര്‍ ലഭിക്കാത്ത നിരവധി ആളുകള്‍ ഉണ്ടെന്നിരിക്കെ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular