ആര്യയ്ക്കു ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടത്തി എറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘എങ്ക വീടുമാപ്പിളൈ’ റിയാലിറ്റി ഷോയെക്കുറിച്ചു പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത മനസുതുറന്നു. എന്തു കൊണ്ടായിരുന്നു ആര്യ ആരേയും തിരഞ്ഞെടുക്കാതിരുന്നതെന്ന സത്യം സംഗീത ഒടുവില്‍ വെളിപ്പെടുത്തി. പരിപാടിയില്‍ ആര്യയുടെ തീരുമാനത്തെക്കുറിച്ച് സംഗീത പറയുന്നത് ഇങ്ങനെ.
ആര്യ വളരെ രസികനാണ്. പ്രതീക്ഷിക്കാത്ത ഓരോ കാര്യങ്ങളുമായി എന്നും ആര്യ നമുക്ക് സര്‍പ്രൈസ് നല്‍കാറുണ്ട്. ഈ പരിപാടിയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസ് ആയിരുന്നു. അത് ഞാന്‍ ചാനല്‍ മാനേജ്‌മെന്റുമായി ഒന്നുകൂടി പരിശോധിച്ചതുമാണ്. അവരും അക്കാര്യം ഉറപ്പു പറഞ്ഞു. മാത്രമല്ല ഒരു ഫോര്‍മല്‍ എഗ്രിമെന്റ് ആര്യ ഒപ്പുവച്ചെന്നും പറഞ്ഞു.
പക്ഷേ, ഫൈനലില്‍ അങ്ങനെ ഒരു തീരുമാനമെടുത്തപ്പോള്‍ അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു. അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം അവന്‍ എടുത്തതെന്ന് എനിക്കറിയാം. ആളുകള്‍ അവന്റെ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ടാകാം. മുന്‍പ് പെണ്‍കുട്ടികളെ എലിമിനേറ്റ് ചെയ്തപ്പോഴും ഇതുപോലെ ഒന്നും തോന്നിയിരുന്നില്ലേ എന്നുമൊക്കെ ചോദിക്കുന്നുണ്ടായിരിക്കാം. നമുക്ക് പുറത്തു നിന്ന് എന്ത് വേണമെങ്കിലും പറയാം. പക്ഷെ ആര്യയുടെ അതേ സ്ഥാനത്ത് നില്‍ക്കുമ്പോഴേ ആ സമ്മര്‍ദ്ദവും ആ ഒരു മാനസികാവസ്ഥയും മനസിലാക്കാനാകൂ.
പരിപാടി തുടങ്ങി ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ എലിമിനേറ്റായ ഒരു പെണ്‍കുട്ടി ഇപ്പോള്‍ വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് ഇതൊന്നും ആദ്യത്തെ എപ്പിസോഡുകളില്‍ എലിമിനേറ്റായ പെണ്‍കുട്ടികളെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടില്ല. പരിപാടിയുടെ അവസാന ഘട്ടങ്ങളില്‍ എത്തും തോറും എല്ലാവരും ഒരു കുടുംബമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പിരിയുന്നത് വല്ലാത്ത കഷ്ടവുമായിരുന്നു.
അബര്‍ണദിയുടെയും ശ്വേതയുടെയും എലിമിനേഷന്‍ ഞങ്ങളെ എല്ലാവരെയും വല്ലാതെ ബാധിച്ചു. ഇരുവരും വല്ലാത്ത വിഷാദാവസ്ഥയില്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണമായിരുന്നു. അവര്‍ മാത്രമല്ല മുഴുവന്‍ സെറ്റും വല്ലാതെ ഇമോഷണലായിരുന്നു. എനിക്ക് തോന്നുന്നു. അത് ആര്യയേയും വല്ലാതെ ബാധിച്ചിട്ടുണ്ടാകും. അതുകൊണ്ടാകും ഫൈനലില്‍ ആരെയും വിവാഹം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് ആര്യ എത്തിച്ചേര്‍ന്നത്.
ആര്യയുടെ തീരുമാനത്തെ ആളുകള്‍ ബഹുമാനിക്കാത്തതെന്തുകൊണ്ടാണ്? അദ്ദേഹം ഷോയില്‍ നിന്നാരെയെങ്കിലും തിരഞ്ഞെടുത്തുവോ? അങ്ങനെ തിരഞ്ഞെടുത്ത് ഷോ അവസാനിച്ചതിന് ശേഷം അവര്‍ പിരിഞ്ഞാല്‍ അത് ഓക്കേ ആകുമോ? ആര്യയ്ക്ക് അതിന് ഉത്തരവാദിത്വമുണ്ട്. അത് കടുത്ത തീരുമാനമാണ്.
അതേസമയം ചാനലിന്റെയും മാനേജ്‌മെന്റിന്റെയും കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ആര്യ എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്ക് ആര്യയ്‌ക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. പക്ഷെ അവര്‍ അങ്ങനെ ഒന്നും തന്നെ ചെയ്യില്ല. അവര്‍ക്ക് ആര്യയുടെ വികാരം മനസിലാകും. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടും അവര്‍ നിശബ്ദത പാലിക്കുകയാണ് എന്നും സംഗീത പറഞ്ഞു.