റാഞ്ചി: ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാന്‍ ഡോക്ടര്‍മാരുടെ ക്രൂരകൃത്യം. ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനനേന്ദ്രിയം മുറിച്ചുമാറ്റിയതായാണ് ആരോപണം. ഡോക്ടറുടെ ക്രൂരതയ്ക്കിരയായ കുട്ടി ആശുപത്രിയില്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ഇത്ത്‌ഖോരി ഓം നഴ്‌സിങ് ഹോമിലാണ് സംഭവം.
എട്ട് മാസം ഗര്‍ഭിണിയായ ഗുഡിയാ ദേവി പതിവ് പരിശോധനക്കാണ് ആശുപത്രിയില്‍ എത്തിയത്. സ്‌കാന്‍ ചെയ്യണമെന്ന ഡോക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് സ്‌കാനിങിന് വിധേയയാവുകയായിരുന്നു. കുട്ടി പെണ്ണായിരിക്കുമെന്നായിരുന്നു സ്‌കാനിങ്ങ് പരിശോധനയില്‍ ഡോക്ടര്‍ അനൂജ് കുമാര്‍ പറഞ്ഞത്. ഗര്‍ഭിണിയെ സിസേറിയന് വിധേയയാക്കേണ്ടതുണ്ടെന്നും ഇയാള്‍ ഭര്‍ത്താവിനെ അറിയിച്ചു. സിസേറിയനായി പണം കെട്ടിവെക്കണമെന്നും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.
വൈകല്യത്തോടെ ജനിച്ച കുട്ടി ഉടന്‍ തന്നെ മരിച്ചെന്നായിരുന്നു സിസേറിയന്‍ കഴിഞ്ഞ ഉടന്‍ ഡോക്ടര്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ സംഭവത്തിനെല്ലാം ദൃക്‌സാക്ഷിയായ കുട്ടിയുടെ അമ്മ ബഹളം വെച്ചതോടെ രംഗം കലുഷിതമാവുകയായിരുന്നു. നഴ്‌സിംഗ് ഹോം നടത്തിയിരുന്ന ഡോ. അനുല്‍ കുമാര്‍, ഡോ. അരുണ്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.