മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊടുംകുറ്റവാളിയാക്കി വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ. വന്യജീവികളെ വേട്ടയാടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയില്‍ 39-ാമത്തെ പേരുകാരനാണ് സല്‍മാന്‍ ഖാന്‍. സ്ഥിരം കുറ്റവാളികളെക്കുറിച്ച് സംസ്ഥാനങ്ങളിലെ നിയമപാലകര്‍ക്കും മറ്റും ശ്രദ്ധ ലഭിക്കുന്നതിനും ജാഗ്രത പുലര്‍ത്തുന്നതിനും വേണ്ടിയാണ് വെബ്സൈറ്റില്‍ ക്രിമിനലുകളുടെ വിവരം പ്രസിദ്ധീകരിക്കുന്നത്.
ക്രിമിനലുകളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് സഹായകമാകുമെന്ന് ഡബ്ല്യു.സി.സി.ബിയിലെ അഡീഷണല്‍ ഡയറക്ടര്‍ തിലോത്തമ വര്‍മ്മ പറഞ്ഞു. കുറ്റവാളികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഇത്തരം സംവിധാനങ്ങള്‍ സഹായിക്കുമെന്ന് വനം-വന്യജീവി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എസ്.എസ് നേഗിയും പറഞ്ഞു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. രണ്ട് ദിവസം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ച സല്‍മാന് ജോധ്പൂര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.