മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 45 ാം പിറന്നാളായിരുന്നു ഇന്നലെ. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടയിലും ഐ.പി.എല്‍ അധികൃതര്‍ സച്ചിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചിരുന്നു. ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും ക്രിക്കറ്റ് ദൈവത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരുന്നു.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന സച്ചിന്‍ കളിയവസാനിപ്പിച്ചെങ്കിലും ടീമിന്റെ ഭാഗമായി ഇപ്പോഴും രംഗത്തുണ്ട്. മത്സരത്തിന്റെ തുടക്കത്തില്‍ ആദ്യം ബാറ്റുചെയ്യുകയായിരുന്ന ഹൈദരാബാദിനെ മുംബൈ ബൗളേഴ്സ് വരിഞ്ഞ് മുറുക്കവേയായിരുന്നു ബൗണ്ടറി ലൈനിനു പുറത്ത് സച്ചിനായി ‘കേക്ക് കട്ടിങ്’ ഒരുക്കിയത്.
പിറന്നാള്‍ ആഘോഷത്തെക്കുറിച്ചുള്ള ചോദ്യത്തോട് സ്റ്റേഡിയത്തിലെ ആരവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സച്ചിന്‍ പ്രതികരിച്ചത്. ഇത് വളരെയധികം പ്രത്യേകതയുള്ള ദിവസമാണെന്നും താരം പറഞ്ഞു. അമ്മയുടെ ആശംസകളോടെയായിരുന്നു തുടക്കമെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധിപേരാണ് ആശംസകള്‍ നേര്‍ന്നതെന്നും സച്ചിന്‍ പറഞ്ഞു.
തന്റെ കമ്പനിയുടെ വെബ്സൈറ്റ് പുറത്തിറക്കിയത് ഇന്നാണെന്നും പറഞ്ഞ സച്ചിന്‍ വൈകുന്നേരം ക്യാന്‍സര്‍ രോഗികള്‍ക്കൊപ്പം ചിലവഴിക്കുകയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. പിന്നീട് തനിക്ക് ഇപ്പോള്‍ കേക്ക് മുറിക്കുന്നതിലല്ല. അവരുടെ കൂടുതല്‍ വിക്കറ്റുകള്‍ പോകുന്നതിലാണ് സന്തോഷമെന്ന് സച്ചിന്‍ പറയുന്നത്. 5 ഓവറില്‍ 47 നു 4 എന്ന നിലയിലായിരുന്നു ഹൈദരാബാദ് അപ്പോള്‍.
എന്നാല്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ താരങ്ങളുടെ കൃത്യതയാര്‍ന്ന ബൗളിങ്ങ് പ്രകടനത്തിനു മുന്നില്‍ 118 റണ്‍സില്‍ ഒതുങ്ങിയ ഹൈദരാബാദ് മുംബൈയെ പിടിച്ചുകെട്ടിയത് വെറും 87 റണ്‍സിനായിരുന്നു.