തിരുവനന്തപുരം: നഴ്സുമാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനം പുറത്തിറക്കിയെങ്കിലും ചൊവ്വാഴ്ച ആരംഭിക്കുന്ന ലോങ് മാര്‍ച്ചിന് മാറ്റമുണ്ടാകില്ലെന്ന് നഴ്സുമാരുടെ സംഘടന യുഎന്‍എ. മുഖ്യമന്ത്രിയുടെ ഉത്തരവ് കയ്യില്‍ കിട്ടിയാല്‍ മാത്രമേ ലോങ് മാര്‍ച്ച് പിന്‍വലിക്കുവെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു.
ശമ്പള പരിഷ്‌കരണം അംഗീകരിച്ചുവെങ്കിലും അലവന്‍സ് ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് അട്ടിമറിച്ചുവെന്ന് യുഎന്‍എ ആരോപിച്ചു.
എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാരുടെ മിനിമം വേതനം 20000 രൂപയാക്കി സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍ കരട് വിജ്ഞാപനത്തില്‍ നിന്നും വ്യത്യസ്തമായി അലവന്‍സുകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ളതാണ് അന്തിമവിജ്ഞാപം എന്നുമാണ് അറിയുന്നത്.
അമ്പത് കിടക്കകള്‍ വരെ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29400 രൂപ, 200 ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.