എ.ടി.എമ്മുകളുടെ രാത്രിസേവനം അവസാനിപ്പിക്കാന്‍ ശുപാര്‍ശ

തൃശ്ശൂര്‍: ചില ബാങ്കുകളുടെ ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍േദശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് ഉടന്‍ നടപ്പാക്കുക.
ചെലവ് ചുരുക്കാനുള്ള പഠനം നടത്താനായി ചില ബാങ്കുകള്‍ കോസ്റ്റ് ബെനിഫിറ്റ് എക്സ്പന്‍ഡിച്ചര്‍ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ സമിതിയാണ് ഇടപാട് കുറഞ്ഞ എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ ശുപാര്‍ശ നല്കിയത്. ലാഭത്തിലുള്ള ബാങ്കുകളും ചെലവ് ചുരുക്കലിനായി പഠന കമ്മിറ്റിയെ നിയോഗിച്ചിരുന്നു. രാത്രി ഇടപാടുകള്‍ കുറവുള്ള എ.ടി.എമ്മുകള്‍ കണ്ടെത്താനായി മൂന്നു മാസമായി രാത്രിയിലെ ഇടപാടിന്റെ കണക്കെടുത്തിരുന്നു.
രാത്രി പത്തുമുതല്‍ രാവിലെ എട്ടുവരെ ശരാശരി പത്ത് ഇടപാടുകള്‍ നടക്കാത്ത എ.ടി.എമ്മുകള്‍ ഈ സമയത്ത് തുേെറക്കണ്ടന്നാണ് തീരുമാനം. ഏറെ ശാഖകളില്ലാത്ത ചില ബാങ്കുകള്‍ തീരുമാനം നടപ്പാക്കിത്തുടങ്ങി.
കിട്ടാക്കടം പെരുകുകയും ലാഭം കുറയുകയും ചെയ്ത ബാങ്കുകളോട് ചെലവ് ചുരുക്കാനുള്ള നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയോട് ലാഭകരമല്ലാത്ത 700 എ.ടി.എമ്മുകള്‍ പൂട്ടാന്‍ ഡിസംബറില്‍ നിര്‍ദേശിക്കുകയുണ്ടായി.
രാത്രി കാവല്‍ക്കാരനെ ഒഴിവാക്കാം. വൈദ്യുതി ബില്ലിലും ലാഭമുണ്ടാക്കാം. ഈ സമയം ക്യാമറ പ്രവര്‍ത്തിപ്പിക്കേണ്ടാത്തതിനാല്‍ അതിന്റെ ചെലവും ലാഭിക്കാം. മോഷണത്തിനും യന്ത്രം കേടാക്കാനുമുള്ള സാധ്യതയും കുറയും.

സ്റ്റേറ്റ് ബാങ്ക് എ.ടി.എം. പൂട്ടില്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലവ് ചുരുക്കലിന്റെ ഭാഗമായി എ.ടി.എമ്മുകള്‍ രാത്രിയില്‍ പൂട്ടിയിടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എ.ടി.എമ്മുകള്‍ പൂട്ടാനുള്ള തീരുമാനം ബാങ്ക് ഇതേവരെ എടുത്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7