ചെന്നൈ: ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നതായി ജയയുടെ മുന്‍ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.എന്‍. വെങ്കട്ടരമണന്‍. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനു മുന്‍പാകെയാണു കെ.എന്‍. വെങ്കട്ടരമണന്‍ ഇക്കാര്യം പറഞ്ഞത്. കമ്മിഷന്‍ ചെയര്‍മാന്‍ വിരമിച്ച ജസ്റ്റിസ് എ. അറുമുഖസ്വാമിക്കുമുന്‍പാകെ വി.കെ. ശശികലയുടെ അഭിഭാഷകന്‍ എന്‍. രാജ സെന്തൂര്‍ പാണ്ഡ്യന്‍ നടത്തിയ ക്രോസ് വിസ്താരത്തിലാണു വെങ്കട്ടരമണന്റെ പ്രതികരണം.
നാലു മണിക്കൂര്‍ നീണ്ട ക്രോസ് വിസ്താരത്തില്‍ അഞ്ച് സാക്ഷികളെയാണു ശശികലയുടെ അഭിഭാഷകന്‍ വിസ്തരിച്ചത്. വെങ്കട്ടരമണനെ കൂടാതെ, ശശികലയുടെ ബന്ധുക്കളായ വിവേക് ജയരാമന്‍, ജെ. കൃഷ്ണപ്രിയ, ജയലളിതയുടെ മൃതദേഹം എംബാം ചെയ്ത സംഘത്തെ നയിച്ച സുധ ശേഷയ്യന്‍, പാചകക്കാരി രാജമ്മാള്‍, കാര്‍ഡിയോളജിസ്റ്റ് സ്വാമിനാഥന്‍ എന്നിവരാണു മറ്റുള്ളവര്‍.
അതേസമയം, ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തുകൊണ്ടുപോകാനുള്ള നീക്കം വേണ്ടെന്നു വച്ച തീയതി ഏതാണെന്നു വെങ്കട്ടരമണന്‍ വ്യക്തമാക്കിയില്ലെന്നു പാണ്ഡ്യന്‍ പിന്നീടു മറ്റൊരു മാധ്യമത്തോടു പ്രതികരിച്ചിരുന്നു. 2017 ഡിസംബര്‍ 21നു നല്‍കിയ മൊഴിയില്‍, എം. തമ്പിദുരൈയുടെ നിര്‍ദേശം അനുസരിച്ചു ജയലളിതയെ വിദേശത്തു ചികിത്സയ്ക്കായി കൊണ്ടുപോകുന്ന കാര്യത്തില്‍ ശ്രമം നടത്തിയെന്നും എന്നാല്‍ മന്ത്രിമാരുടെ എതിര്‍പ്പുമൂലം അതു വേണ്ടെന്നു വച്ചെന്നുമാണു മുന്‍ ചീഫ് സെക്രട്ടറി പി. രാമ മോഹന റാവു അറിയിച്ചത്.
അതേസമയം, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പൊതുജനങ്ങളെ അറിയിക്കണമെന്നു ജയലളിത 2016 സെപ്റ്റംബര്‍ 22നും 27നും നിര്‍ദേശിച്ചിരുന്നതായും വെങ്കട്ടരമണന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തെറ്റായ പ്രചാരണം അവസാനിപ്പിക്കുന്നതിനായിരുന്നു ഈ നിര്‍ദേശം. അതിനിടെ, മുന്‍ ചീഫ് സെക്രട്ടറി പി. രാമ മോഹന റാവു കമ്മിഷനുമുന്നില്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തെറ്റായ വിവരമാണ് നല്‍കിയിരിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി വ്യക്തമാക്കി. ആരെയോ സംരക്ഷിക്കാനാണ് റാവു ശ്രമിക്കുന്നതെന്നും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍വച്ച് പളനിസ്വാമി മാധ്യമങ്ങളോടു പറഞ്ഞു.