ഐപിഎലിലെ 13-ാം മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു കൂറ്റൻ വിജയം. 71 റണ്‍സിനാണ് കെകെആർ ഡെവിൾസിനെ തുരത്തിയത്. വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ആന്ദ്രെ റസൽ ബാറ്റിംഗിൽ തിളങ്ങിയപ്പോൾ മറ്റൊരു വിൻഡീസ് താരം സുനിൽ നരെയ്ൻ ബൗളിംഗിൽ ഡൽഹിയുടെ നടുവൊടിച്ചു.
ആദ്യം ബാറ്റു ചെയ്ത കെകെആർ ഉയർത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 14.2 ഓവറിൽ 129 റണ്‍സിന് എല്ലാവരും പുറത്തായി. ഗ്ലെൻ മാക്സ്വെൽ(22 പന്തിൽ 47), റിഷഭ് പന്ത്(26 പന്തിൽ 43) എന്നിവർക്കൊഴികെ മറ്റാർക്കും ഡൽഹി നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. കെകെആറിനായി സുനിൽ നരെയ്ൻ(18/3), കുൽദീപ് യാദവ്(32/3) എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി.
ഈഡൻ ഗാർഡനിൽ ആദ്യം ബാറ്റുചെയ്ത കോൽക്കത്ത ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 200 റണ്‍സ് നേടിയിരുന്നു. നീതീഷ് റാണെ(59), ആന്ദ്രെ റസൽ(12 പന്തിൽ 41) എന്നിവരുടെ പ്രകടനമാണ് കോൽക്കത്തയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്.