മുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ് ജിയോ വീണ്ടും ഞെട്ടിക്കുന്ന ചുവടുവയ്പ്പുകളുമായെത്തുന്നു. സ്മാര്‍ട്ട്ഫോണുകള്‍, 4ജി ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് പിന്നാലെ സിം കാര്‍ഡോടു കൂടിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കുന്നതിന് റിലയന്‍സ് ജിയോ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്പുകള്‍ സെല്ലുലാര്‍ കണക്ഷനൊപ്പം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ യുഎസിലെ പ്രമുഖ ചിപ്പ് കമ്പനിയായ ക്വാല്‍ക്കോമുമായി ചര്‍ച്ചകള്‍ നടത്തുന്നത്. റിലയന്‍സ് ജിയോയുമായി ഇക്കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തതായി ക്വാല്‍കോം ടെക്നോളജീസ് പ്രൊഡക്റ്റ് മാനേജ്മെന്റ് സീനിയര്‍ ഡയറക്ടര്‍ മിഗ്വേല്‍ ന്യൂണ്‍സ് പറഞ്ഞു. 4ജി ഫീച്ചര്‍ ഫോണുകളില്‍ ജിയോയുമായും റിലയന്‍സ് റീട്ടെയ്ലുമായും ക്വാല്‍കോം നിലവില്‍ സഹകരിക്കുന്നുണ്ട്.
റിലയന്‍സ് റീട്ടെയ്ല്‍ വഴി മൈഫൈ ഡോംഗ്ള്‍സ്, ലൈഫ് സ്മാര്‍ട്ട്ഫോണുകള്‍, 4ജി ഫീച്ചര്‍ ഫോണുകള്‍ മുതലായവ ജിയോ ഇതിനകം തന്നെ വില്‍പ്പന നടത്തുന്നുണ്ട്. ഒരു ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം. സെല്ലുലാര്‍ കണക്റ്റിവിറ്റിയോട് കൂടിയതും സ്മാര്‍ട്ട്ഡ്രാഗണ്‍ 835 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതുമായ ലാപ്ടോപ്പുകളുടെ വിതരണത്തിനായി രാജ്യത്തെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ബ്രാന്‍ഡായ സ്മാര്‍ട്രൊണുമായി ക്വാല്‍കോം ചര്‍ച്ച നടത്തുന്നുണ്ട്.
ആഗോളതലത്തില്‍ സെല്ലുലാര്‍ കണക്റ്റിവിറ്റിയോട് കൂടിയ ലാപ്ടോപ്പുകള്‍ പുറത്തിറക്കുന്നതിനായി എച്ച്പി, അസ്യുസ്, ലെനൊവൊ തുടങ്ങിയ കമ്പനികളുമായി ക്വാല്‍കോം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ യുഎസ്, ജര്‍മനി, ഇറ്റലി, യുകെ, ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 14 ഓപ്പറേറ്റര്‍മാര്‍ ഈ പുതിയ വിഭാഗത്തിന് പിന്തുണ നല്‍കുന്നുണ്ട്.
ഒരോ വര്‍ഷവും 50 ലക്ഷത്തോളം ലാപ്ടോപ്പുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും വൈഫൈ നെറ്റ് വര്‍ക്കുകളും മറ്റുമായി ബന്ധിപ്പിക്കുന്നവയാണെന്നും കൗണ്ടര്‍പോയ്ന്റ് ഡാറ്റ പറയുന്നു. പുതിയ വിഭാഗം ഡിവൈസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്.
#JIO #LAPTOP #LAPTOPUSINGWITHSIM #SIM